അബുദാബി : റംസാനിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സമഗ്ര പദ്ധതിയുമായി യു.എ.ഇ. സാമ്പത്തിക മന്ത്രാലയം. ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുകയാണ് ആദ്യപടി. ഇതിന്റെ ഭാഗമായി ദുബായ്, അബുദാബി എന്നിവിടങ്ങളിലെ പഴം പച്ചക്കറി വിപണി പ്രതിനിധികളുമായി മന്ത്രാലയം കൂടിക്കാഴ്ച നടത്തി. പഴങ്ങളുടെയും പച്ചക്കറികളുടെയും ലഭ്യത ഉറപ്പാക്കാനും വിലയുടെ സ്ഥിരത നിലനിർത്താനും തീരുമാനമായി.

റംസാന് ശേഷവും ഒട്ടേറെ പരിശോധനകൾ ആസൂത്രണം ചെയ്തതായി ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടർ മർവാൻ അൽ സബൂസി പറഞ്ഞു. രാജ്യത്തെ വിവിധ എമിറേറ്റുകളിലെ സഹകരണ സംഘങ്ങൾ, ചില്ലറ വിപണന കേന്ദ്രങ്ങൾ, പലചരക്ക് കടകൾ, ഇറച്ചി, കോഴി, മത്സ്യ വിപണികൾ എന്നിവിടങ്ങളിൽ ഇതിന്റെ ഭാഗമായി 420 പരിശോധനകൾ നടത്തി. ചരക്കുകളുടെ തിരിച്ചറിയൽ കാർഡുകൾ, ഉത്പന്നങ്ങളുടെ വിലനിർണയം, ലേബലുകൾ എന്നിവ പരിശോധിക്കുകയും ഗുണനിലവാരം നിരീക്ഷിക്കുകയും ചെയ്തു. ഉപഭോക്താക്കളും ഈ ശ്രമങ്ങളുടെ ഭാഗമാവണമെന്ന് അദ്ദേഹം നിർദേശിച്ചു.

വിപണിയിലെ തെറ്റായ രീതികൾ ശ്രദ്ധയിൽപ്പെട്ടാൽ 8001222 എന്ന നമ്പറിൽ വിവരമറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.