അബുദാബി : ആണവോർജ രംഗത്തെ യു.എ.ഇ.യുടെ സ്വപ്നപദ്ധതിയായ ബറാഖ ആണവനിലയത്തിൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഊർജ ഉത്പാദനത്തിന് തുടക്കമായി. യു.എ.ഇ.യുടെ സുസ്ഥിര ഊർജ മേഖലയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്ന നിർണായക ചുവടുവെപ്പായാണിത് കണക്കാക്കുന്നത്. നാല് റിയാക്ടർ യൂണിറ്റുകളാണ് ബറാഖയിലുള്ളത്. ഇതിൽ ആദ്യ യൂണിറ്റിൽനിന്നുള്ള വൈദ്യുതി ഉത്പാദനത്തിനാണ് ഇതിലൂടെ തുടക്കം. ബാക്കി മൂന്ന് യൂണിറ്റുകളുടെയും നിർമാണം അന്തിമഘട്ടത്തിലാണ്.

യൂണിറ്റിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആണവോർജം വൈദ്യുതിയാക്കി മാറ്റി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന രീതിയാണ് ഇവിടെ പിന്തുടരുക. നിലയത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ഇലക്ട്രിക്കൽ ഗ്രിഡ് വഴിയാണ് വിതരണം ചെയ്യുക. ആണവോർജം സമാധാനപരമായ ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തുന്നുവെന്ന ഖ്യാതിയോടെ ഇവിടെയുത്പാദിപ്പിക്കുന്ന വൈദ്യുതി താമസകേന്ദ്രങ്ങൾക്കും വാണിജ്യ വ്യവസായ ആവശ്യങ്ങൾക്കും എത്തിക്കും.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെയാണ് ഈ നേട്ടത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ‘യു.എ.ഇ. ചരിത്രപരമായ ഒരു തലത്തിലേക്ക് ചുവടുവെച്ചിരിക്കുന്നു. സ്വദേശികളും വിദേശികളുമായ 2000 എൻജിനിയർമാരുടെയും 80 അന്തർദേശീയ പങ്കാളികളുടെയും കഴിഞ്ഞ 10 വർഷത്തിലേറെയായുള്ള ശ്രമങ്ങൾക്ക് പരിസമാപ്തിയായിരിക്കുന്നു. യു.എ.ഇ.യെ അഭൂതപൂർവമായ വികസനങ്ങളിലേക്ക് നയിച്ച ഒരു നേതാവിന്റെ കാഴ്ചപ്പാടാണ് ഇത്. യു.എ.ഇ.യിലെ എല്ലാ ജനങ്ങൾക്കും എന്റെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സായിദിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’ എന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.

-ൽ തുടങ്ങിയ യാത്ര

യു.എ.ഇ.യുടെ 13 വർഷത്തെ തീവ്രശ്രമമാണ് ബറാഖ ആണവനിലയത്തിന്റെ നിർമാണത്തിന് പിറകിലുള്ളത്. 2008-ലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ആണവനിലയത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മാതൃകയെക്കുറിച്ചും വിശദീകരിക്കുന്ന 14,000 പേജുകളുള്ള അപേക്ഷയ്ക്ക് ആണവ റെഗുലേറ്ററി അതോറിറ്റിയുടെ (എഫ്.എ.എൻ.ആർ) അംഗീകാരം ലഭിക്കാൻ 185 പരിശോധനകളും 2000-ലധിക വിവരസമർപ്പണവും ആവശ്യമായിവന്നു. അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ.) നിഷ്കർഷിക്കുന്ന കുറ്റമറ്റ സുരക്ഷാ സംവിധാനങ്ങളും പ്രവർത്തനരീതിയുമാണ് ബാറാഖയിലും പിന്തുടരുന്നത്. ഈ നയങ്ങളുടെ പ്രഖ്യാപനവും 2008-ൽ ആയിരുന്നു.

2009-ൽ എമിറേറ്റ്‌സ് ആണവോർജ കോർപ്പറേഷൻ (ഇ.എൻ.ഇ.സി.) നിലവിൽ വന്നു. 2010-ൽ രാജ്യത്തെ പ്രഥമ ആണവനിലയ നിർമാണത്തിനായുള്ള ലൈസൻസിനായി അപേക്ഷ സമർപ്പിച്ചു. 2012- ൽ ആദ്യ രണ്ട് യൂണിറ്റുകളുടെ നിർമാണത്തിനുള്ള അനുമതി ലഭിച്ചു. 2013-ൽ രണ്ടാം യൂണിറ്റിന്റെ നിർമാണം ആരംഭിച്ചു. ഒപ്പം മൂന്നും നാലും യൂണിറ്റുകളുടെ നിർമാണാനുമതിയും ലഭിച്ചു.

2015- ൽ ആദ്യ രണ്ടു യൂണിറ്റുകളുടെ പ്രവർത്തനാനുമതിക്കായി അപേക്ഷകൾ സമർപ്പിച്ചു. 2017-ൽ മൂന്ന്, നാല് യൂണിറ്റുകളുടെ പ്രവർത്തനാനുമതിക്കുള്ള അപേക്ഷകളും. 2018-ൽ റിയാക്ടറുകളുടെ ഓപ്പറേറ്റർമാർക്ക് സാക്ഷ്യപത്രം ലഭിച്ചു. 2020 ഫെബ്രുവരിയിൽ ഒന്നാം യൂണിറ്റിന്റെ പ്രവർത്തനാനുമതിക്കായി സമർപ്പിച്ച അപേക്ഷക്ക് അംഗീകാരം ലഭിച്ചു.

2020 ജൂലായിൽ റിയാക്ടറിന്റെ അഞ്ചുമാസം നീണ്ടുനിന്ന പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയാക്കി. ഒപ്പം രണ്ടാം യൂണിറ്റിന്റെ നിർമാണം പൂർത്തിയാക്കി അടുത്ത 60 വർഷത്തെ പ്രവർത്തന ചുമതലയുള്ള എമിറേറ്റ്‌സ് ആണവോർജ കോർപ്പറേഷന് കീഴിലുള്ള നവാഹ് എനർജി കമ്പനിക്ക് സമർപ്പിക്കുകയും ചെയ്തു.