ദുബായ് : എക്സ്‌പോ 2020 യിൽ സ്മാർട്ട് സൈക്കിളിൽ സവാരി നടത്തി കാഴ്ചകൾ കാണാം. ഇതിനായുള്ള സൗകര്യം എക്സ്‌പോയിൽ ഒരുക്കിയിട്ടുണ്ട്.

23 കേന്ദ്രങ്ങളിലുള്ള 230 സൈക്കിളുകൾ കരീം ആപ്പിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാം. ആപ്പിൽ ലഭ്യമാകുന്ന കോഡ് ഉപയോഗിച്ച് അൺലോക്ക് ചെയ്ത് സൈക്കിൾ എടുത്ത് സവാരി നടത്താം.

ജി.പി.എസ്. ശൃംഖല വഴി ബന്ധിപ്പിച്ച സൈക്കിളുകളാണ് എക്‌സ്‌പോ നഗരിയിൽ സവാരി നടത്താനായി നൽകുന്നത്. സൗരോർജത്തിലാണ് സൈക്കിൾ റാക്കുകളുടെ പ്രവർത്തനം.

വിവിധ പവിലിയനുകളിൽ വേഗമെത്താൻ സൈക്കിളുകൾ സഹായകമാകുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) പബ്ലിക് ട്രാൻസ്പോർട്ട് സി.ഇ.ഒ. അഹമ്മദ് ബഹ്‌റൂസിയാൻ അറിയിച്ചു.

സന്ദർശകരെ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇലക്ട്രിക് ബഗ്ഗികളും ഉപയോഗിക്കുന്നുണ്ട്.

സാധനങ്ങളും ഓഫീസ് രേഖകളുമല്ലാം എത്തിക്കാൻ ഇ-വാനും സജ്ജമാക്കിയിട്ടുണ്ട്. ഒരു തവണ ചാർജ് ചെയ്താൽ തുടർച്ചയായി 16 മണിക്കൂർ വരെ ഇ-വാനുകൾ ഓടുമെന്ന് അധികൃതർ വ്യക്തമാക്കി.