ദുബായ് : സുസ്ഥിരത, ചരിത്രം, പാരമ്പര്യം, സമകാലികവളർച്ച, സമൃദ്ധി എന്നിവ പ്രമേയമാക്കി 5,600 ചതുരശ്രമീറ്റർ വലുപ്പത്തിലുള്ള കുവൈത്ത് പവിലിയൻ തുറന്നു. എക്സ്‌പോ 2020-യിലെ കുവൈത്തിന്റെ ഏറ്റവുംവലിയ പങ്കാളിത്തവുമായാണ് പവിലിയൻ ശ്രദ്ധയാകർഷിക്കുന്നത്. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് ഹമദ് അൽസബാഹിനെ പ്രതിനിധാനംചെയ്ത്‌ വിവര-സാംസ്കാരിക-യുവജനകാര്യമന്ത്രി അബ്ദുൽ റഹ്മാൻ ബദാഹ് അൽമുതൈരിയാണ് പവിലിയന്റെ ഉദ്ഘാടനംനിർവഹിച്ചത്. കുവൈത്തി സംസ്കാരവും പാരമ്പര്യവും കോർത്തിണക്കിയുള്ള പ്രത്യേകം തയ്യാറാക്കിയ നൃത്തപ്രകടനത്തോടെയായിരുന്നു അതിഥികളെയും സന്ദർശകരെയും പവിലിയനിലേക്ക് സ്വാഗതംചെയ്തത്.

സാംസ്കാരികപരിപാടികൾക്കൊപ്പം സാങ്കേതികമികവുകളിലേക്ക് കുവൈത്ത് എങ്ങനെ ഉയർന്നുവന്നുവെന്നും കഴിഞ്ഞ ദശകങ്ങളിൽ ഇന്നൊവേഷൻ, പാരിസ്ഥിതിക സുസ്ഥിരത, വികസനം എന്നിവ എപ്രകാരം നേടിയെടുത്തുവെന്നും പവിലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എക്സ്‌പോ 2020-യുടെ സസ്‌റ്റൈനിബിലിറ്റി ഡിസ്ട്രിക്റ്റിലാണ് കുവൈത്ത് പവിലിയൻ സ്ഥിതിചെയ്യുന്നത്. കുവൈത്തിന്റെ സുസ്ഥിരതായത്നങ്ങൾ പവിലിയൻ എടുത്തുകാട്ടുന്നു. ‘പുതിയ കുവൈത്ത്, സുസ്ഥിരതയ്ക്കായുള്ള പുതിയ അവസരങ്ങൾ’ എന്നപ്രമേയത്തിൽ തയ്യാറാക്കിയ പവിലിയനിൽ, കുവൈത്തിന്റെ ഭൂതവും വർത്തമാനവും ‘ന്യൂ കുവൈത്ത് 2035’ എന്ന ഭാവിപദ്ധതിയും പ്രതിപാദിച്ചിട്ടുണ്ട്.

രാജ്യത്തെയും അതിന്റെ സവിശേഷതയെയും പ്രതിനിധാനംചെയ്യാനുള്ള അവസരമായാണ് എക്സ്‌പോ 2020 ദുബായിയെ കാണുന്നതെന്ന് പവിലിയൻ ഡയറക്ടർ ഡോ. ബദർ അൽ ഇൻസി പറഞ്ഞു. എണ്ണയ്ക്ക് മുൻപുള്ള കാലംമുതൽ എണ്ണസമ്പന്നമായ ആധുനിക ജനാധിപത്യരാഷ്ട്രമായി കുവൈത്ത് നിലകൊള്ളുന്നതിന്റെ ശ്രദ്ധേയമായ നാഴികക്കല്ലുകളിലൂടെ സന്ദർശകരെ പവിലിയൻ കൊണ്ടുപോകുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ മാസിൻ അൽ അൻസാർ വ്യക്തമാക്കി.