ദുബായ് : ലോകമഹാമേളയായ എക്സ്‌പോ 2020 ദുബായിൽ സാന്നിധ്യമറിയിച്ച് ആസാ ഗ്രൂപ്പ്. 190-ലേറെ രാജ്യങ്ങളുടെ പവിലിയനുകളിൽ ഏറ്റവും ജനശ്രദ്ധയാകർഷിച്ച ഇന്ത്യൻ പവിലിയനിലെ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അവതരണപ്രക്രിയ ആസാ ഗ്രൂപ്പിന്റെ ഐ.ടി.സി. വിഭാഗമാണ് നിർമിച്ച് നടപ്പാക്കിയത്. ഇന്ത്യയുടെ ചരിത്രം, കല, സംസ്കാരം, സാങ്കേതിക മികവ്, ബഹിരാകാശ ഗവേഷണം, ആയുർവേദം, യോഗ തുടങ്ങി എല്ലാ മേഖലകളെയും ആറുമാസത്തെ പരിശ്രമത്തിലൂടെയാണ് ലോകോത്തര നിലവാരത്തിലുള്ള ഡിജിറ്റൽ സ്‌ക്രീനിങ്ങിലെത്തിച്ചതെന്ന് ആസാ ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സാലിഹ് സി.പി. ദുബായിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.

ഏതാണ്ട് 100-ഓളം തൊഴിലാളികൾ മുഴുവൻ സമയവും ഇതിനായി പരിശ്രമിച്ചു. 50-ഓളം സ്ഥാപനങ്ങൾ ഇന്ത്യൻ പവിലിയനിലെ ഡിജിറ്റൽ സ്‌ക്രീനിങ് നിർമാണത്തിനുള്ള തിരഞ്ഞെടുപ്പിൽ പങ്കെടുത്തിരുന്നു. എക്സ്‌പോ 2020-ലെ ശ്രദ്ധേയമായ അൽ വാസൽ പ്ലാസയിൽ ഉപയോഗിച്ചിരിക്കുന്ന ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അതേ രൂപഘടനയാണ് ഇന്ത്യൻ പവിലിയനിലും ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി ഫസാർഡ്‌സ് ലൈറ്റ്‌സ് ഉൾപ്പെടെ ഇന്ത്യയിൽനിന്നും ഇറക്കുമതി ചെയ്തിരുന്നു. എക്സ്‌പോ നടക്കുന്ന ആറ് മാസത്തിനിടയിൽ ഓരോ പ്രത്യേക അവസരങ്ങളിലും നിലവിലെ ഡിജിറ്റൽ സ്‌ക്രീനിങ്ങിൽ മാറ്റങ്ങൾ വരുത്തിയേക്കാം. ഇതുവരെ പവിലിയനിലെ കാഴ്ചകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്നും സാലിഹ് സി.പി. വ്യക്തമാക്കി.

നാല് നിലകളിലായി 8750 ചതുരശ്രമീറ്റർ വിസ്‌തൃതിയിൽ നിർമിച്ചിരിക്കുന്ന ഇന്ത്യൻ പവിലിയന്റെ നിർമാണച്ചുമതല കേന്ദ്രസർക്കാർ സ്ഥാപനമായ എൻ.ബി.സി.സി.ക്കാണ്. ഏകദേശം 700 ചതുരശ്രമീറ്ററിൽ നാല് നിലകളിലായി സ്ഥാപിച്ചിരിക്കുന്ന എൽ.ഇ.ഡി. വാൾ ആധുനിക സാങ്കേതിക വിദ്യയുടെ ഉത്തമ ഉദാഹരണമാണ്. നാല് വ്യത്യസ്ത തീമുകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യയുടെ സംസ്കാരവും കലയും ബഹിരാകാശ ഗവേഷണവും സാങ്കേതിക വിദ്യകളും ലോകജനതയ്ക്ക് പരിചയപ്പെടുത്തുന്നത്. സന്ദർശകർക്ക് കണ്ണിനും കാതിനും അദ്‌ഭുതവും ആവേശവും പകരുന്ന രീതിയിൽ ഏറ്റവും ആധുനിക രീതിയിലുള്ള 16 പ്രോജക്ടുകൾ, സെൻട്രലൈസ്ഡ് വീഡിയോ കൺട്രോൾ പ്ലേബാക്ക് സിസ്റ്റം, സെൻട്രലൈസ്ഡ് മ്യൂസിക് ആൻഡ് സൗണ്ട് സിസ്റ്റം, സറൗണ്ടഡ് സൗണ്ട് സിസ്റ്റം എന്നിവ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

പവിലിയന്റെ താഴത്തെ നിലയിൽ ഇന്ററാക്ടീവ് ടച്ച് സ്‌ക്രീൻ ഉപയോഗിച്ചുള്ള കിയോസ്കുകളുണ്ട്. 360 ഡിഗ്രി പ്രൊജക്ഷൻ ടെക്‌നോളജി ഉപയോഗിച്ചുള്ള ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ നേട്ടങ്ങൾ വിളിച്ചറിയിക്കുന്ന പ്രദർശനവും ഇവിടെ കാണാം. 33 സംസ്ഥാനങ്ങളുടെയും യൂണിയൻ ടെറിറ്ററികളുടെയും പ്രാഗല്‌ഭ്യം സന്ദർശകരിലേക്ക് എത്തിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ത്രീ ഡി ഓഗ്‌മെന്റഡ് റിയാലിറ്റി പ്രൊജക്ഷൻ സിസ്റ്റവും ഉപയോഗപ്പെടുത്തിയിരിക്കുന്നു.

ഫൈബർ ഒപ്റ്റിക് ഗ്ലിറ്റെറിങ് സീലിങ് യഥാർഥ ആകാശകാഴ്ച സമ്മാനിക്കുന്നു. പവിലിയന്റെ പുറംചുമരുകൾ വ്യത്യസ്തമായ സ്‌ക്രീനുകളിലായാണ് പ്രവർത്തിക്കുന്നത്. പവിലിയനിൽ സ്ഥാപിച്ചിട്ടുള്ള 10 പ്രൊജക്ടറുകൾ ഉപയോഗിച്ചാണ് പ്രദർശനം. പവിലിയനിലെ എല്ലാ ഓഡിയോ വീഡിയോ ഉപകരണങ്ങളും പ്രൊജക്ടറുകളുടെയും സ്‌ക്രീനുകളുടെയും പ്രോഗ്രാമിങ്, ടെസ്റ്റിങ് തുടങ്ങി എല്ലാ ജോലികളും ആസായുടെ ഉത്തരവാദിത്വമാണ്. ആറ് മാസത്തേക്കുള്ള മെയിന്റനൻസും നടത്തിപ്പും ഉൾപ്പെടെ ഇതിൽപ്പെടും. മഹാമേളയിൽ ഇന്ത്യൻ പവിലിയന്റെ മുഖ്യപങ്കാളിയാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സാലിഹ് സി.പി. പറഞ്ഞു. ആസാ ഗ്രൂപ്പ് സി.ഇ.ഒ. അൻഹർ സാലിഹ്, ഡയറക്ടർ ഫാരിസ്, ഐ.ടി. ഡിവിഷൻ മാനേജർ ഇബ്രാഹിം മൊഹമദ്, ടെക്‌നിക്കൽ മേധാവി നബിൽ, ഓട്ടോമേഷൻ എൻജിനീയർ നിഖിൽ, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ അറാഫത്ത്, സീനിയർ മാനേജർ ഇബ്രാഹിംകുട്ടി തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.