ദുബായ് : കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ അഞ്ച് ദിവസത്തിനുള്ളിൽ നിർമിച്ച് പ്രവർത്തനക്ഷമമാക്കിയ ഫീൽഡ് ഹോസ്പിറ്റലിലൂടെ കോവിഡ് രോഗികൾക്ക് ചികിത്സ നൽകിത്തുടങ്ങി. കോവിഡ് രോഗികൾക്ക് മാത്രമായി 50 കിടക്കകളുള്ള വെന്റിലേറ്റർ, ബൈ പാപ്പ്, ഓക്സിജൻ സൗകര്യങ്ങളോടുകൂടിയ ഫീൽഡ് ഹോസ്പിറ്റലാണ് സജ്ജീകരിക്കുന്നത്.

ഇതിൽ 25 കിടക്കകളുൾപ്പെടുന്ന ആദ്യ വിഭാഗം ബുധനാഴ്ച പ്രവർത്തനം തുടങ്ങി. കേരളത്തിലാദ്യമായാണ് കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി ഫീൽഡ് ഹോസ്പിറ്റൽ എന്ന സങ്കൽപ്പം യാഥാർഥ്യമാകുന്നത്. നേരത്തേ സ്ഥാപിച്ച മെയ്ക്ക് ഷിഫ്റ്റ് ഐ.സി.യു.വിന് സമീപം കാർപാർക്കിങ് ഗ്രൗണ്ടിൽ തന്നെയാണ് ഫീൽഡ് ഹോസ്പിറ്റലും സ്ഥാപിച്ചിരിക്കുന്നത്.

ആശുപത്രികളിൽ കിടക്കകളും ഐ.സി.യു. ബെഡ്ഡുകളും ഒഴിവില്ലാതെ വന്നിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടാകാൻ പോകുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും നിർദേശിച്ചതനുസരിച്ചാണ് പുതിയ ഫീൽഡ് ഹോസ്പിറ്റലെന്ന് ആസ്റ്റർ മിംസ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

നിർധനരായ കോവിഡ് രോഗികൾക്ക് ആസ്റ്റർ വൊളന്റിയേഴ്‌സിന്റെ സഹകരണത്തോടെ സൗജന്യ ചികിത്സയും ഇവിടെ ലഭ്യമായിരിക്കും.

കേരളത്തിലെ മറ്റ് ജില്ലകളിലും കൂടുതൽ ഫീൽഡ് ആശുപത്രികൾ നിർമിക്കാനുള്ള ശ്രമങ്ങളും ചർച്ചകളും നടന്നുവരുകയാണ്.