ദുബായ് : അനധികൃത വീട്ടുജോലിക്കാരെ നിയമിക്കുന്നതിനെതിരേ ദുബായ് പോലീസ് കുടുംബങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വിശുദ്ധമാസത്തിൽ ഇത്തരത്തിലുള്ള 45 പേരെ അറസ്റ്റുചെയ്തതായും ദുബായ് പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.

അനധികൃത വീട്ടുജോലിക്കാരുടെ വിവരങ്ങൾ ലഭിച്ചാൽ അവ ഉടനെ റിപ്പോർട്ട് ചെയ്യണം. പലരും മണിക്കൂർ വ്യവസ്ഥയിൽ വീടുകളിൽ വീട്ടുജോലിക്ക് പോകുന്നുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ പണവും സമ്പാദിക്കുന്നു. പലരും വ്യാജ പേരുകളിലും നിയമപരമായ രേഖകളില്ലാതെയുമാണ് വീടുകളിലെത്തുന്നത്. ഇതെല്ലാം നിയമലംഘനമാണ്. അനധികൃത വീട്ടുജോലിക്കാരെ നിയമിക്കുന്നത് സമൂഹത്തിന് ഗുരുതരമായ അപകടസാധ്യതയുണ്ടാക്കും.

സമൂഹത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കാൻ സഹായിക്കണമെന്നും ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. നിയമലംഘകരെ പിടികൂടാൻ പോലീസ് പരിശോധന ശക്തമായി തുടരുകയാണ്.