ദുബായ് : കൂടുതൽ സ്വകാര്യ ആശുപത്രികളിൽകൂടി വാക്സിൻവിതരണം തുടങ്ങിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ.) വാക്സിനേഷൻ സ്റ്റിയറിങ്‌ കമ്മിറ്റി അധ്യക്ഷ ഡോ. ഫരീദ അൽ ഖജ അറിയിച്ചു. ഡി.എച്ച്.എ. സെന്ററുകൾക്കുപുറമെ, ദുബായിലെ 17 സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിലൂടെയാണ് വാക്സിൻ വിതരണം ചെയ്യുന്നത്. വാക്സിൻ സൗജന്യമായി നൽകുന്നത് തുടരും. സ്വകാര്യ ആരോഗ്യസംരക്ഷണ ദാതാക്കളുമായി സഹകരിച്ച് കൂടുതൽ ആളുകൾക്ക് എളുപ്പത്തിൽ വാക്സിൻ ലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ സ്ഥാപനങ്ങളെ കൂടി വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമാക്കിയതെന്ന് ഡോ. ഫരീദ വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ സുപ്രധാന പങ്കാണ് സ്വകാര്യസ്ഥാപനങ്ങൾ വഹിക്കുന്നത്. ദുബായ് പൗരന്മാർക്കും പ്രവാസികൾക്കും പുറമെ, എമിറേറ്റ്‌സ് ഐ.ഡി.യുള്ള ജി.സി.സി. പൗരന്മാർക്കും വാക്സിൻ സൗജന്യമായി ലഭിക്കും. അതോടൊപ്പം മറ്റ് എമിറേറ്റുകളിൽ വിസയുള്ള 60 കഴിഞ്ഞ പ്രവാസികൾക്കും ഇവിടെനിന്ന് വാക്സിനെടുക്കാൻ കഴിയുമെന്നും അവർ അറിയിച്ചു. ഡി.എച്ച്.എ. സെന്ററുകളിൽനിന്ന് വാക്സിനെടുക്കാൻ ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർചെയ്യണം. 60 വയസ്സിനുമുകളിലുള്ളവർക്ക് 800 342-ലേക്ക് നേരിട്ട് വിളിച്ചും ബുക്ക് ചെയ്യാം. ഫൈസർ, സിനോഫാം വാക്സിനുകളാണ് ഡി.എച്ച്.എ. കേന്ദ്രങ്ങളിൽ ലഭിക്കുക.

സ്വകാര്യ ആശുപത്രികളിൽനിന്ന് വാക്സിനെടുക്കാൻ ആഗ്രഹിക്കുന്നവർ അതാത് ആശുപത്രികളുമായി നേരിട്ട് ബന്ധപ്പെടണം. സിനോഫാം വാക്സിനാണ് ഇവിടങ്ങളിൽ ലഭിക്കുകയെന്നും അതോറിറ്റി വ്യക്തമാക്കി. അൽ ഫുത്തൈം ഹെൽത്ത് ഹബ്, അൽ ഗർഹൂദ് പ്രൈവറ്റ് ഹോസ്പിറ്റൽ, അൽ സഹ്‌റ ഹോസ്പിറ്റൽ, അമേരിക്കൻ ഹോസ്പിറ്റൽ, ആസ്റ്റർ ഹോസ്പിറ്റൽ, ബുർജീൽ ഹോസ്പിറ്റൽ, കനേഡിയൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ, ജുമൈറ എമിറേറ്റ്‌സ് ഹോസ്പിറ്റൽ, ഇന്റർനാഷണൽ മോഡേൺ ഹോസ്പിറ്റൽ, കിങ്‌സ് കോളേജ് ഹോസ്പിറ്റൽ ദുബായ്, മെഡ് കെയർ ഓർതോപീഡിക്‌സ് ഹോസ്പിറ്റൽ, മെഡിക്ലിനിക്ക്, എൻ.എം.സി. റോയൽ ഹോസ്പിറ്റൽ, പ്രൈം ഹോസ്പിറ്റൽ, സൗദി ജർമൻ ഹോസ്പിറ്റൽ, വാലിയന്റ് ഹെൽത്ത് കെയർ, വി.ഐ.പി. ഡോക്ടർ ഡി.എം.സി.സി. എന്നീ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലാണ് സൗജന്യമായി വാക്സിൻ ലഭിക്കുക.