റിയാദ് : അൽഉല പ്രിൻസ് അബ്ദുൽ മജീദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാനങ്ങൾ ഇറക്കുന്നതിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) അനുമതി നൽകി. എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള സംവിധാനങ്ങൾ ഒരുങ്ങിയതോടെയാണ് അനുമതി ലഭ്യമാക്കിയത്.

24 ലക്ഷം ചതുരശ്ര മീറ്റർ വലിപ്പമുള്ള വിമാനത്താവളത്തിലെ പ്രതിവർഷ യാത്രികരുടെ എണ്ണം ഒരുലക്ഷത്തിൽനിന്ന് നാലുലക്ഷമായി. അന്താരാഷ്ട്ര നിലവാരമനുസരിച്ച് നൂതന സാങ്കേതിക വിദ്യകളോടെയാണ് വിമാനത്താവളത്തിന്റെ രൂപകല്പന. ഒരേസമയം 15 വാണിജ്യ വിമാനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയുള്ള ഇത് സൗദി അറേബ്യയിലെ ഏറ്റവും വലിയ 10 വിമാനത്താവളങ്ങളിൽ ഒന്നാണ്.