ദുബായ് : ജനങ്ങളെ കോവിഡ് വാക്സിനെടുക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യു.എ.ഇ.യിലെ ഏറ്റവുംവലിയ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ്.

ഇതിന്റെ ഭാഗമായി നടത്തുന്ന വേറിട്ട പ്രവർത്തനംതേടി ഒടുവിൽ ഗിന്നസ് ലോക റെക്കോഡുമെത്തി. കോവിഡ് വാക്സിൻ സന്ദേശമുയർത്തിക്കാണിച്ച് ഏറ്റവുമധികംപേർ അണിനിരന്ന വീഡിയോകോൾ അവതരണത്തിലൂടെയാണ് ഈ റെക്കോഡ്.

ഗ്ലോബൽ വില്ലേജിന് ലഭിക്കുന്ന പതിനാറാമത് ലോക റെക്കോഡാണിത്. 25 ലോകറെക്കോഡുകൾ എന്ന ലക്ഷ്യത്തിലേക്ക് വേറിട്ട പ്രവർത്തനങ്ങളിലൂടെ അടുത്തുകൊണ്ടിരിക്കുകയാണ് ഗ്ലോബൽ വില്ലേജ്.

ജീവനക്കാർക്കും പങ്കാളികൾക്കും കുത്തിവെപ്പെടുക്കാൻ പ്രചോദനംനൽകുന്ന ഒട്ടേറെ പ്രവർത്തനങ്ങളുമായി ഈ വിനോദകേന്ദ്രം ഇതിനകംതന്നെ ശ്രദ്ധയാകർഷിച്ചിരുന്നു.

അറുപതിലധികം അംഗങ്ങളാണ് ‘കോവിഡ് മുക്ത യു.എ.ഇ.’ എന്ന ഈ വീഡിയോകോൾ പദ്ധതിയിൽ പങ്കാളികളായത്. ‘ഞാൻ വാക്സിനെടുത്തു, നിങ്ങളോ?’ എന്നെഴുതിയ വലിയ ബോർഡുമായാണ് അംഗങ്ങൾ ഇതിൽ പ്രത്യക്ഷപ്പെടുന്നത്.

ഗ്ലോബൽ വില്ലേജിലെ മുഴുവൻ ജീവനക്കാരും ഇതിനകം വാക്സിനെടുത്തുകഴിഞ്ഞു. ഏപ്രിൽ 18 വരെ തുറന്നുപ്രവർത്തിക്കുന്ന ഗ്ലോബൽ വില്ലേജ് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്.