അബുദാബി : ആഗോള ക്രൈസ്തവ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനം ധീരവും ചരിത്രപരവുമെന്ന് കൗൺസിൽ ഓഫ് മുസ്‌ലിം എൽഡേഴ്സ് ചെയർമാനും അൽ അഹ്സർ ഗ്രാൻഡ് ഇമാമുമായ ഡോ. അഹമ്മദ് അൽ ത്വയ്യിബ്.

സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായി 2019-ൽ യു.എ.ഇയിൽ നടന്ന വിശ്വമാനവ സമ്മേളനത്തിൽ ഇരുവരും മേഖലയിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ലോകത്തിലെ വ്യത്യസ്ത മതങ്ങളുടെ പ്രതിനിധികൾ എന്ന നിലയ്ക്ക് യുദ്ധത്തിനെതിരേ നിലകൊള്ളുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വമെന്നാണ് മാർപാപ്പ അന്ന് പറഞ്ഞത്. യെമെനിലെയും സിറിയയിലെയും ഇറാഖിലെയും ലിബിയയിലെയും യുദ്ധ സാഹചര്യം മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഇത്തരത്തിൽ സംസാരിക്കുന്നതെന്നും എല്ലാത്തരം അതിക്രമങ്ങളും നിസംശയം എതിർക്കപ്പെടണമെന്നും മാർപാപ്പ വ്യക്തമാക്കിയിരുന്നു.

ആ സമ്മേളനത്തിനുശേഷം മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് ആഗോള തലത്തിൽ വലിയ പിന്തുണയും ശ്രദ്ധയുമാണ് ലഭിച്ചത്. പോപ്പിന്റെ ഇറാഖ് സന്ദർശനം ലോകസമാധാനമെന്ന ആശയത്തിൽ യു.എ.ഇ. നടത്തുന്ന വലിയ ശ്രമങ്ങൾക്ക് കൂടിയുള്ള അംഗീകാരമാണ്. ‘എന്റെ സഹോദരൻ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനം ചരിത്രപരവും ധീരവുമായ ഒന്നായി കണക്കാക്കുന്നു. സമാധാന സന്ദേശവും ഐക്യദാർഢ്യവുമാണ് ഇതിലൂടെ ഇറാഖിലെ ജനതയുമായി മാർപാപ്പ പങ്കുവെക്കുന്നത്. ഈ സന്ദർശനം പൂർണ അർഥത്തിൽ വിജയകരമാവാനും മാനവ സാഹോദര്യശ്രമങ്ങൾക്ക് കരുത്തേകാനും കഴിയുമെന്ന് ആശംസിക്കുകയും ചെയ്യുന്നു’ - അഹമ്മദ് അൽ ത്വയ്യിബ് ട്വിറ്ററിൽ കുറിച്ചു.