ദുബായ് : ബർ ദുബായ് പോലീസ് സ്റ്റേഷൻ പരിസരപ്രദേശങ്ങളിൽ 99.73 ശതമാനം സുരക്ഷ വർധിച്ചതായി റിപ്പോർട്ട്. സ്റ്റേഷൻ സന്ദർശിച്ച ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ആണ് ഇക്കാര്യം അറിയിച്ചത്. 2019-നെ അപേക്ഷിച്ച് മികച്ച സുരക്ഷാ വർധനയാണ് രേഖപ്പെടുത്തിയത്. അടിയന്തരസാഹചര്യങ്ങളിൽ ശരാശരി പോലീസ് പ്രതികരണസമയം ഏഴ് മിനിറ്റ് എന്നത് നാല് മിനിറ്റ് 35 സെക്കന്റ് ആയി ലക്ഷ്യംനേടി. സ്റ്റേഷൻ ജീവനക്കാരുടെ ശ്രമങ്ങളെ അൽ മർറി പ്രശംസിച്ചു. 2020-ൽ ലഭിച്ചത് 14133 ക്രിമിനൽ റിപ്പോർട്ടുകളാണ്. ക്രിമിനൽ കേസുകൾ 39 ശതമാനം കുറഞ്ഞു. സ്റ്റേഷൻ പരിധിയിൽ വാഹനാപകടങ്ങളിൽ 22 പേരാണ് മരിച്ചത്. ട്രാഫിക് ബോധവത്‌കരണം വർധിപ്പിക്കാനും പട്രോളിങ് ശക്തമാക്കാനും അദ്ദേഹം നിർദേശിച്ചു.

അതേസമയം ഗതാഗതനിയമങ്ങൾ ലംഘിച്ച 1902 വാഹനങ്ങൾ പിടിച്ചെടുത്തതായി ബർ ദുബായ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദം അൽ സോറൂർ പറഞ്ഞു. ജീവനക്കാർക്കായി സ്റ്റേഷൻ നടത്തിയ സംരംഭങ്ങളെക്കുറിച്ച് അൽ മർറി വിശദീകരിച്ചു. 298 ജീവനക്കാർക്ക് സ്റ്റേഷൻ പരിശീലന കോഴ്‌സുകളും 480 പേർക്ക് മറ്റാനുകൂല്യങ്ങളും ലഭിച്ചു.