ദുബായ് : യു.എ.ഇ.യുടെ 10 വർഷത്തെ ഗോൾഡൻ വിസ നേടുന്ന ആദ്യ മലയാളി വിദ്യാർഥിനിയെന്ന ബഹുമതി നേടിയ തസ്‌നീം അസ്‌ലത്തെ ദുബായ് കെ.എം.സി.സി. ആദരിച്ചു. ആക്ടിങ് പ്രസിഡന്റ് ഹനീഫ് ചേർക്കളയും ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്മായിൽ അരൂക്കുറ്റിയും ചേർന്ന് ഉപഹാരം നൽകി. ഹംസ തോട്ടിയിൽ, ഒ.കെ. ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, റഈസ് തലശ്ശേരി, മൊയ്ദു ചപ്പാരപ്പടവ്, അഷ്‌റഫ് കൊടുങ്ങല്ലൂർ തുടങ്ങിയവർ സംസാരിച്ചു.

മികച്ച അക്കാദമിക് യോഗ്യതകളാണ് തസ്‌നീമിനെ ഗോൾഡൻ വിസ നേട്ടത്തിന് അർഹയാക്കിയത്. 2020-ൽ ഷാർജ അൽ ഖാസിമിയ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇസ്‌ലാമിക് ശരീഅത്തിൽ ഡിഗ്രിയിൽ തസ്‌നീം ഒന്നാംറാങ്ക് നേടിയിരുന്നു. ഖുർആൻ മനഃപാഠമാക്കിയ തസ്‌നീം ഷാർജ സർവകലാശാലയിൽ തന്നെ ഫിഖ് ബിരുദാനന്തര ബിരുദത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആലപ്പുഴ ചന്തിരൂർ അൽസനാബിലിൽ മുഹമ്മദ് അസ്‌ലമിന്റെയും അധ്യാപികയായ സുനിതയുടെയും മകളാണ്. ഗോൾഡൻ വിസയിൽ ഇവർക്ക് 2031-വരെ രാജ്യത്ത് തുടരാം.