മൂന്ന് താമസ കേന്ദ്രങ്ങളിലേക്ക് പുതിയ റോഡുകൾ

ദുബായ് : മൂന്ന് റെസിഡൻഷ്യൻ കേന്ദ്രങ്ങളിലേക്ക് 34 കിലോമീറ്ററിലേറെ പുതിയ റോഡുകൾ നിർമിക്കാനൊരുങ്ങി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). അൽ ഖൂസ് രണ്ട്, നാദ് അൽ ഷെബ രണ്ട്, അൽ ബർഷ സൗത്ത് മൂന്ന് എന്നീ താമസപ്രദേശങ്ങളിൽ ആന്തരികറോഡ് പദ്ധതി പൂർത്തിയാക്കുമെന്ന് ആർ.ടി.എ. പ്രഖ്യാപിച്ചു.

34.4 കിലോമീറ്റർ നീളമുള്ള ഈ റോഡ് ശൃംഖല 2022 ആദ്യപകുതിയിൽ തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ. ചെയർമാൻ മാത്തർ അൽ തായർ പറഞ്ഞു.

പുതിയ റോഡുകൾ, സ്ട്രീറ്റ് ലൈറ്റുകൾ, മഴവെള്ള ഡ്രെയ്‌നേജ് സംവിധാനങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തും. ഇതോടൊപ്പം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തി താമസക്കാരുടെ സന്തോഷം വർധിപ്പിക്കുകയുമാണ് ഉദ്ദേശിക്കുന്നതെന്നും അൽ തായർ വ്യക്തമാക്കി.

അൽ ഖൈൽ, മെയ്ദാൻ എന്നിവയ്ക്കിടയിലുള്ള 16 കിലോമീറ്റർ നിർമാണമാണ് അൽ ഖൂസ് രണ്ടിൽ ഉദ്ദേശിക്കുന്നത്.

നാദ് അൽ ഷെബയിൽ 12 കിലോമീറ്റർ റോഡ് നിർമാണവും. അതോടൊപ്പം പാർക്കിങ്, സ്ട്രീറ്റ് ലൈറ്റുകൾ, സീവേജ് എന്നിവയും പൂർത്തിയാക്കും.

അൽ ബർഷ പ്രദേശത്ത് 6.4 കിലോമീറ്റർ നീളമുള്ള റോഡ് നിർമാണമാണ് പൂർത്തിയാക്കുന്നത്.