ദുബായ് : ആരോഗ്യസംരക്ഷണത്തിന് ദുബായിലുള്ളത് 40,000 ലൈസൻസുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകൾ. പൊതു-സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലുമായാണ് ലൈസൻസുള്ള ഇത്രയും ആരോഗ്യപ്രവർത്തകർ ജോലിചെയ്യുന്നത്. കൂടാതെ ലൈസൻസ് നേടിയ 3600 മെഡിക്കൽ സൗകര്യങ്ങളാണ്‌ എമിറേറ്റിലുള്ളത്.

കോവിഡ് പോരാട്ടത്തിനായി കൂടുതൽ മുൻനിര പ്രവർത്തകരെ റിക്രൂട്ടുചെയ്യാനായി ഓൺലൈൻ ലൈസൻസിങ് സംവിധാനമായ ഷെറ്യാൻ ഉള്ളതായും ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ.) ഹെൽത്ത് റെഗുലേഷൻ സി.ഇ.ഒ ഡോ.മർവാൻ അൽ മുല്ല പറഞ്ഞു. മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഇലക്ട്രോണിക് രീതിയിൽ എളുപ്പത്തിൽ ലൈസൻസ് നൽകാൻ കഴിയുന്ന എളുപ്പവും തടസ്സമില്ലാത്തതുമായ പ്രക്രിയയാണിത്. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഈ സംവിധാനത്തിലൂടെ ഇന്ത്യയിൽനിന്നും മറ്റുരാജ്യങ്ങളിൽനിന്നും ധാരാളം നഴ്‌സുമാരെയും ഡോക്ടർമാരെയും നിയമിച്ചിരുന്നു.

ദുബായിലെ എല്ലാ ഹെൽത്ത് കെയർ പ്രൊഫഷണലുകളും ഡി.എച്ച്.എയിൽ രജിസ്റ്റർ ചെയ്യുകയും ലൈസൻസ് നേടുകയും വേണം. ഇലക്ട്രോണിക് സംവിധാനത്തിലൂടെ ലോകത്തെവിടെയുമുള്ള ആരോഗ്യസംരക്ഷണ വിദഗ്ധർക്ക് ലൈസൻസിനായി അപേക്ഷിക്കാം. അപേക്ഷകർക്ക് എല്ലാരേഖകളും ഇലക്ട്രോണിക് രീതിയിൽ സമർപ്പിക്കാനാവും. ദുബായിയുടെ കടലാസ് രഹിത പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആരോഗ്യസംരക്ഷണ ജീവനക്കാരുടെ ലൈസൻസ് ഡിജിറ്റലൈസ് ചെയ്തത്.

2020-ൽ 3957 ആരോഗ്യപരിപാലന വിദഗ്ധർക്കും 42 ആശുപത്രികൾ, 971 ക്ലിനിക്കുകൾ, 35 ശസ്ത്രക്രിയാകേന്ദ്രങ്ങൾ, 1071 ഫാർമസികൾ, 321 ആരോഗ്യസൗകര്യങ്ങൾ എന്നിവയ്ക്കും ഡി.എച്ച്.എ ലൈസൻസ് നൽകിയിരുന്നു. 2021 ജനുവരി മുതൽ മേയ് വരെ 37 ആരോഗ്യസൗകര്യങ്ങൾക്കും 2340 ആരോഗ്യവിദഗ്ധർക്കും ഡി.എച്ച്.എ. ലൈസൻസ് നൽകി.

ആരോഗ്യ ടൂറിസം മേഖലയിലും കുതിപ്പ്

ദുബായ് : ഏറ്റവുംവലിയ ആരോഗ്യ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലേക്ക് ദുബായ് വളരുകയാണെന്ന് ദുബായ് ആരോഗ്യവകുപ്പിലെ ആരോഗ്യ നിയന്ത്രണമേഖല സി.ഇ.ഒ. ഡോ.മർവീൻ അൽ മുല്ല പറഞ്ഞു. ദുബായിലെ ഏറ്റവും വ്യാപകമായ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കാരണം വിനോദസഞ്ചാരികളുടെ ആത്മവിശ്വാസം വർധിച്ചു. ലോകത്ത് ഏറ്റവുംകൂടുതൽ പേർക്ക് വാക്സിനേഷൻ നൽകിയ രാജ്യം എന്ന നിലയ്ക്ക് ഇസ്രയേലിനെയാണ് ദുബായ് പിന്തള്ളിയത്. യു.എ.ഇ.യിൽ 13.2 ദശലക്ഷം വാക്സിൻ കുത്തിവെപ്പ് നടന്നുകഴിഞ്ഞു. വിനോദസഞ്ചാരത്തിന് മാത്രമല്ല, ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ തേടിയും ദുബായിലേക്ക് ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്. മെഡിക്കൽ ടൂറിസത്തിനായി ഇന്ത്യ, പശ്ചിമാഫ്രിക്ക, റഷ്യ, യൂറോപ്പ് തുടങ്ങിയ വിപണികളും ലക്ഷ്യം വെക്കുന്നതായും അദ്ദേഹം അറിയിച്ചു.