ദുബായ് : തൃശ്ശൂർ ചാവക്കാട് തിരുവത്ര സ്വദേശിയായ രഘുനാഥൻ 47 വർഷത്തിലേറെയായി ദുബായിലുണ്ട്. 1974 മേയ് 24-ന് മുംബൈയിൽനിന്ന് ദുംറ എന്ന ചരക്കുകപ്പലിൽ ദുബായിലെത്തി. പോർട്ട് റാഷിദിൽനിന്ന് ജ്യേഷ്ഠൻ മനോഹരൻ വന്നുകൂട്ടികൊണ്ടുപോയി. 1969- ലാണ് രഘുനാഥന്റെ ജ്യേഷ്ഠൻ ദുബായിലെത്തിയത്. അക്കാലത്ത് സഹോദരി ശാന്തകുമാരിയും കുടുംബമായി ദുബായ് നൈഫിലായിരുന്നു താമസം.

ഷാർജ കാൾട്ടൻ ഹോട്ടലിലും പിന്നീട് ജോർജ് വിംപി എന്ന നിർമാണ കമ്പനിയിലുമായിരുന്നു രഘുനാഥന്റെ ആദ്യകാല ജോലി. പിന്നീട് ദുബായ് ഡിഫൻസിൽ 18 വർഷവും, ദുബായ് ടാക്‌സി ഡ്രൈവറായി രണ്ടുവർഷം, പിന്നീടിതുവരെ 24 വർഷം ഡക്കർ പോയിന്റ് എന്ന കമ്പനിയിലും സേവനമനുഷ്ഠിച്ചു. 490 ദിർഹത്തിന് 1000 രൂപ കിട്ടിയ കാലത്തായിരുന്നു പ്രവാസത്തിന്റെ തുടക്കം.

ദുബായിലെ പ്രസിദ്ധമായ ‘ഖാദർ ഹോട്ടലും’ ഒറ്റവരിപ്പാതകളും അങ്ങിങ്ങു കെട്ടിടങ്ങളും ആർ.ടി.എ.യുടെ കേവലം ഏഴ് ബസുകൾ മാത്രം സർവീസ് നടത്തിയ കാലമൊക്കെ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. ഡിഫൻസിൽ അക്കാലത്ത് ലഭിച്ചത് 1930 ദിർഹം മാസശമ്പളം. അന്നത് വലിയ തുകയായിരുന്നു. അക്കാലത്ത് ബർ ദുബായ് ക്ഷേത്രത്തിൽ പോയാലാണ് അപൂർവം മലയാളികളെ കാണാൻ സാധിക്കുക. ദുബായ് ഷിൻഡഗ ടണൽ നിർമാണം നടക്കുന്ന കാലം കൂടിയായിരുന്നു.

നാലുഭാഗവും തകരംകൊണ്ട് നിർമിച്ച ‘ചോപ്ട’യിൽ പലരും താമസിക്കുന്ന കാലം. ഈന്തപ്പനകൊണ്ട് നിർമിച്ചയിടങ്ങളിൽ ‘വത്തിനി’ (അറബികൾ) താമസിച്ചു. കഴുതപ്പുറത്ത് കുടിവെള്ളവും സാധനങ്ങളും മരുഭൂമിയിൽ എത്തിച്ചതും ആദ്യ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ക്രീക്കിൽ ആസ്വദിച്ചതും രഘുനാഥന്റെ ഓർമയിലുണ്ട്. നൈഫിൽ സ്വന്തമായി ഗ്രോസറി നടത്തിയിരുന്നെങ്കിലും ഒരു തീപ്പിടിത്തത്തിൽ വലിയ നഷ്ടമുണ്ടായി. മധുരവും കയ്‌പും കലർന്നുള്ള ഓർമകളിലൂടെ രാഘുനാഥൻ ഇപ്പോഴും ദുബായിലുണ്ട്. 20 വർഷമായി ദേരയിലെ ഒരേ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഭാര്യ ഷീബ. മക്കൾ: റോഹിത്, റിജിത് (ഷാർജ), റിൻഷ.