ദുബായ് : യു.എ.ഇ.യിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകൾ. 50 കേസുകളാണ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 75 പേർ രോഗമുക്തി നേടിയതായി ആരോഗ്യരോഗപ്രതിരോധ വകുപ്പ് അറിയിച്ചു. പുതിയ മരണങ്ങളില്ല. പുതിയതായി നടത്തിയ 1,91,313 പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.23 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,42,328 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,37,330 പേർ ഇതിനോടകം തന്നെ രോഗമുക്തരായി. 2,148 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 2,850 രോഗികളാണ് ചികിത്സയിലുള്ളത്.

ഒമാനിൽ കഴിഞ്ഞ മൂന്നുദിവസത്തിനിടെ 22 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അവധിദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ കണക്കുകൾ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. ചികിത്സയിലായിരുന്ന 18 പേർ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രോഗമുക്തരായി.

ഈ ദിവസങ്ങളിൽ മരണങ്ങളൊന്നും ഒമാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെ 3,04,603 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരിൽ 3,00,039 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4113 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.