ദുബായ് : യു.എ.ഇ.യുടെ പുതിയ ബഹിരാകാശ സഞ്ചാരികൾക്കുള്ള പരിശീലനപരിപാടി ഹൂസ്റ്റണിൽ ജനുവരിയിൽ ആരംഭിക്കും.

നാസയുടെ രണ്ടുവർഷത്തെ പരിശീലനത്തിനാണ് നോറ അൽ മത്രൂഷി, മൊഹമ്മദ് അൽ മുല്ല എന്നിവർ തയ്യാറെടുക്കുന്നത്. ജോൺസൻ സ്പേസ് സെന്ററിലാണ് പരിശീലനം.

ദുബായ് പോലീസിന്റെ മുൻ ഹെലികോപ്റ്റർ പൈലറ്റാണ് മുഹമ്മദ് അൽ മുല്ല.

മെക്കാനിക്കൽ എൻജിനീയറായിരുന്നു നോറ അൽ മത്രൂഷി.

നോറ അൽ മത്രൂഷിയുടെ പര്യടനം പൂർത്തിയാകുന്നതോടെ അറബ് ലോകത്ത് നിന്ന് ആദ്യമായി ബഹിരാകാശയാത്രയ്ക്ക് വനിതയെ അയച്ച രാജ്യമെന്ന ഖ്യാതി യു.എ.ഇ.യ്ക്ക് സ്വന്തമാകും.

4000-ത്തിലധികം അപേക്ഷകരിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്.

1,400 എമിറാത്തി വനിതകൾ ഉൾപ്പെട്ട 4305 അപേക്ഷകരിൽനിന്നാണ് രണ്ടാം ഘട്ടത്തിൽ യു.എ.ഇ.യുടെ ബഹിരാകാശയാത്രാസംഘത്തിലേക്ക് രണ്ടുപേരെ തിരഞ്ഞെടുത്തത്.

ഒമ്പത് പുരുഷൻമാരും അഞ്ച് സ്ത്രീകളും ഉൾപ്പെട്ട ഈ പട്ടികയിൽനിന്നാണ് നോറ അൽ മത്രൂഷിക്കും മുഹമ്മദ് അൽ മുല്ലയ്ക്കും അവസരം ലഭിച്ചത്.