ഷാർജ : കേരളത്തിൽ തിരഞ്ഞെടുപ്പങ്കം മുറുകുമ്പോൾ മനസ്സിലെ രാഷ്ട്രീയവും പഴയ പോരാട്ടത്തിന്റെ ഓർമയും കണ്ണൂർ സ്വദേശി മുരളി വീനസിനെ ആവേശം കൊള്ളിക്കുന്നുണ്ട്. എന്നാൽ പൊതുപ്രവർത്തനംകൊണ്ട് കടംമാത്രം ബാക്കിയായി ഒടുവിൽ എല്ലാം ഉപേക്ഷിച്ച് പ്രവാസിയാവുകയായിരുന്നു മുരളി.
എടക്കാട് ഗ്രാമപ്പഞ്ചായത്തിൽ പത്തുവർഷം ജനപ്രതിനിധിയായ മുരളി ഇപ്പോൾ ദുബായിൽ ഒരു കെട്ടിടത്തിലെ കെയർ ടേക്കറാണ്. തോട്ടട സ്വദേശി. രാഷ്ട്രീയവും സാമൂഹികപ്രവർത്തനവുംകൊണ്ട് ജീവിതത്തിൽ മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ട നിലയിലാണ് മുരളി. ജനതാദൾ എടക്കാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായിരിക്കേ 1995-ലായിരുന്നു ആദ്യമത്സരം. ഇന്നത്തെ കണ്ണൂർ കോർപ്പറേഷനിൽ ഉൾപ്പെട്ട ചാല വാർഡിലേക്കായിരുന്നു മത്സരിച്ചത്.
ആ തിരഞ്ഞെടുപ്പിൽ 260 വോട്ടിന് ജയിച്ചു. എടക്കാട് പഞ്ചായത്ത് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഇടതുമുന്നണി ഭരിക്കുന്ന കാലം. അന്ന് ജനതാദളിന്റെ ഇന്ത്യയിലെ ഏക പഞ്ചായത്ത് അംഗമായിരുന്ന മുരളി എങ്ങോട്ടുപോകുന്നുവോ ആ മുന്നണിക്ക് ഭരണം ഉറപ്പാവും. ഇടതുമുന്നണിയുടെ പിന്തുണയോടെ വിജയിച്ച ശേഷം ജനതാദളിന്റെ രാഷ്ട്രീയമാറ്റമനുസരിച്ച് ഐക്യ ജനാധിപത്യ മുന്നണിക്കൊപ്പം പോകുന്നത് ശരിയായ രാഷ്ട്രീയമല്ലെന്നതിനാൽ മുരളിയും കൂട്ടരും കോൺഗ്രസ്-എസിൽ ചേരുകയായിരുന്നു. 2000-ത്തിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് - എസ് പ്രതിനിധിയായി മൽസരിച്ച മുരളി ഇടതുമുന്നണി ഭരണസമിതിയുടെ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് സമിതിയുടെ ചെയർമാനുമായി. 28 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രണ്ടാം വിജയം. എന്നാൽ, കടബാധ്യത മുരളി വീനസിനെ ദുബായിലെത്തിച്ചു. മൂന്നരലക്ഷം രൂപയുടെ കടബാധ്യത മൂന്നാം തിരഞ്ഞെടുപ്പ് മത്സരത്തിൽനിന്ന് മുരളിയെ പിന്തിരിപ്പിച്ചു. കടം പെരുകിയപ്പോൾ നാടുവിടുകമാത്രമായിരുന്നു പോംവഴി. കുറഞ്ഞ ശമ്പളമായതിനാൽ നാട്ടിലെ കടം തീർന്നെങ്കിലും ദുബായിൽ കടം കൂടിവരികയായിരുന്നെന്നും മുരളി പറയുന്നു. കടങ്ങളെല്ലാം തീർത്ത് തിരികെ കണ്ണൂരിലെ രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോകാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് മുരളി വീനസ്.