ഷാർജ : ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റിഹാളിന്റെ വേദിയിൽ ഏറെ കാലത്തിനുശേഷം വീണ്ടും പാട്ടും മേളവുമായി അരങ്ങുണർന്നു. പത്ത് മാസങ്ങൾക്കുശേഷം ആദ്യമായി അസോസിയേഷൻ കമ്യൂണിറ്റിഹാളിൽ ഷാർജ യുവകലാസാഹിതിയാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. ഹിതേഷ് കൃഷ്ണയുടെ നേതൃത്വത്തിൽ പി.കെ. മേദിനി ഗായകസംഘത്തിന്റെ ഗാനമേളയാണ് അരങ്ങേറിയത്.
കോവിഡ് വ്യാപനം തടയാനായി യു.എ.ഇ.യിൽ ഒത്തുചേരലും സാംസ്കാരിക പരിപാടികളും തത്‌കാലത്തേക്ക് നിർത്തിവെച്ചിരുന്നു, ആഴ്ചതോറും ഒന്നും രണ്ടും കലാപരിപാടികളും കൂട്ടായ്മകളുടെ സമ്മേളനങ്ങളും നടക്കാറുള്ള വേദിയാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റിഹാൾ.
കോവിഡ് വ്യാപനത്തിന് തടയിടാനായി സർക്കാർ ഉത്തരവ് പാലിച്ചുകൊണ്ട് 10 മാസമായി ഇന്ത്യൻ അസോസിയേഷനും പരിപാടികൾക്ക് അനുമതി നിഷേധിച്ചിരുന്നു. അതിനെത്തുടർന്നാണ് ചെറുതും വലുതുമായ സംഘടനകൾ വെർച്വൽ പരിപാടികൾക്കും യോഗങ്ങൾക്കും തുടക്കമിട്ടത്.
ആളുകളുടെ എണ്ണം കുറച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ചും പരിപാടികൾ സംഘടിപ്പിക്കാനുള്ള അനുമതി ലഭിച്ചതിനെത്തുടന്നാണ് ഇന്ത്യൻ അസോസിയേഷൻ വേദി വിട്ടുനൽകാൻ തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അസോസിയേഷഹാളിൽ അവസാനമായി കലാപരിപാടികൾ നടന്നത്.
യുവകലാസാഹിതി ഷാർജയുടെ കുടുംബസംഗമവും മുൻ എം.പി. സി.കെ. ചന്ദ്രപ്പൻസ്മൃതി സാഹിത്യമത്സര വിജയികൾക്കുള്ള അവാർഡ് വിതരണവും ഇതേ വേദിയിൽ നടന്നു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ ഉദ്ഘാടനം ചെയ്തു.
ജിബി ബേബി അധ്യക്ഷതവഹിച്ചു. അബ്ദുല്ല മല്ലച്ചേരി, ഷാജി ജോൺ, പ്രശാന്ത്, വി.പി. ശ്രീകുമാർ, വിത്സൺ തോമസ് എന്നിവർ പ്രസംഗിച്ചു.
ജാസ്മിൻ സമീർ, രമേശ് പെരുമ്പിലാവ്, ബഷീർ മൂളിവയൽ, സി.പി. ചെങ്ങളായി , പ്രശാന്ത് കൊളച്ചേരി, രാജീവ് കെ. മുരളി എന്നിവർക്ക് അവാർഡുകൾ സമ്മാനിച്ചു. സുബീർ എരോൾ സ്വാഗതവും അഭിലാഷ് ശ്രീകണ്ഠപുരം നന്ദിയും പറഞ്ഞു.