അബുദാബി: പ്രവാസിമലയാളികളുടെ പ്രധാന സാംസ്കാരികകേന്ദ്രമായ അബുദാബി മലയാളിസമാജം വാടക മുടങ്ങിയതിനെത്തുടർന്ന് പൂട്ടൽ ഭീഷണിയിൽ. 2020-’21 കാലയളവിലെ വാർഷിക വാടക കുടിശ്ശികയായതിനാലാണ് പൂട്ടുവീഴാനുള്ള സാധ്യതയേറിയത്. മുസഫ വ്യവസായകേന്ദ്രത്തിൽ അൽവാദി റിയൽ എസ്റ്റേറ്റിന്റെ കെട്ടിടത്തിലാണ് അബുദാബി മലയാളിസമാജം അഞ്ചുവർഷമായി പ്രവർത്തിക്കുന്നത്. 2020-’21 വർഷത്തെ വാടകയിനത്തിൽ നാലരലക്ഷം ദിർഹമാണ് കെട്ടിടം ഉടമസ്ഥർക്ക് കൊടുക്കാനുള്ളത്. അംഗങ്ങളിൽനിന്ന് പിരിച്ചെടുത്ത 50,000 ദിർഹം ഈയിടെ കൊടുത്തുവെങ്കിലും ബാക്കിതുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് അൽവാദി റിയൽ എസ്റ്റേറ്റ്.

കോവിഡ് മൂലം പ്രവർത്തനം പൂർണമായും നിശ്ചലമായ പശ്ചാത്തലത്തിൽ വരുമാനമൊന്നുമില്ലാതെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് സമാജം കടന്നുപോകുന്നതെന്ന് ആക്ടിങ് പ്രസിഡന്റ് സലിം ചിറക്കൽ പറഞ്ഞു. ഈപ്രതിസന്ധിയിൽ സമാജത്തെ നയിക്കേണ്ട പ്രസിഡന്റ് ഷിബു വർഗീസ് കഴിഞ്ഞ എട്ടുമാസമായി നാട്ടിലാണ്. ജനറൽ സെക്രട്ടറി ജയരാജ് പ്രവർത്തനങ്ങളിൽ തീരെ നിശ്ശബ്ദനുമാണ്.

സമാജം കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ബി. യേശുശീലന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം കെട്ടിട ഉടമസ്ഥനുമായി ചർച്ചകൾ നടന്നുവെങ്കിലും വാടകക്കുടിശ്ശിക തീർക്കാൻ അഞ്ചുദിവസം മാത്രമാണ് അനുവദിച്ചത്. ഒരുവർഷത്തെ വാടകയിൽ മൂന്നുമാസത്തെ തുക അവർ ഇളവനുവദിച്ചിട്ടുണ്ടെങ്കിലും അഞ്ചുദിവസംകൊണ്ട് ബാക്കിതുക എങ്ങനെ സമാഹരിക്കുമെന്ന പ്രതിസന്ധിയിലാണ് ഭാരവാഹികൾ. പറഞ്ഞ സമയത്തിനുള്ളിൽ വാടക അടച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അൽവാദി അധികൃതർ സമാജം ഭാരവാഹികൾക്ക് മുന്നറിയിപ്പുനൽകിയിട്ടുണ്ട്. നിലവിൽ 1500 അംഗങ്ങളാണ് സമാജത്തിലുള്ളതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നൂറിൽതാഴെ ആളുകളാണ് അംഗത്വം പുതുക്കിയിട്ടുള്ളതെന്ന് സലിം ചിറക്കൽ പറഞ്ഞു. ജീവനക്കാർക്ക് ശമ്പളംകൊടുക്കാൻപോലും വകയില്ലാതെ ഉഴലുകയാണ് സമാജം കമ്മിറ്റി.

മലയാളി സമാജം ചീഫ് പേട്രൺ എം.എ. യൂസഫലിയുടെയും പേട്രൺമാരായ മറ്റ് ബിസിനസ് പ്രമുഖരുടെയും സഹായത്തോടെ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികൾ. ബിസിനസ് സമൂഹവുംകൂടി കൈവിട്ടാൽ 50 വർഷത്തെ പാരമ്പര്യമുള്ള അബുദാബി മലയാളിസമാജത്തിന് എന്നന്നേക്കുമായി പൂട്ടുവീഴുമെന്ന ആശങ്കയിലാണ് അംഗങ്ങൾ.