ദുബായ് : പ്രവാസികളുടെ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ കുടുംബാംഗങ്ങളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ടുള്ള ‘ആസ്റ്റർ ദിൽ സേ’ പദ്ധതിക്ക് തുടക്കമായി.

ജി.സി.സി. രാജ്യങ്ങളിലെ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും പ്രത്യേകിച്ചും കേരളത്തിലെ അവരുടെ മാതാപിതാക്കളുടെ ആരോഗ്യ പരിചരണത്തിന് കാര്യക്ഷമതയോടെ ബന്ധിപ്പിക്കുന്ന അതുല്യമായ സംവിധാനമാണിത്.

കോഴിക്കോട്, കണ്ണൂർ, കോട്ടക്കൽ എന്നിവിടങ്ങളിലെ ആസ്റ്റർ മിംസ് ഹോസ്പിറ്റലുകൾ, കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ഹോസ്പിറ്റൽ, വയനാട്ടിലെ ആസ്റ്റർ ഹോസ്പിറ്റൽ എന്നിവയിലൂടെയായിരിക്കും ഈ പദ്ധതി പ്രാവർത്തികമാക്കുക.

‘ആസ്റ്റർ ദിൽ സേ’ https://www.asterdilse.com/ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിലൂടെ, പ്രവാസിയുടെ ഒരു കുടുംബാംഗത്തിന് 5000 രൂപയ്ക്കോ, 250 ദിർഹത്തിനോ ഒരുവർഷത്തേക്കുള്ള പാക്കേജ് ലഭ്യമാകും. ഇതനുസരിച്ച് ഒരു സമർപ്പിത കോൾ സെന്റർ (+91 75 111 75 333) വഴി 24/7 മുൻഗണനയോടെ, ഒരു സംയോജിത-കണക്റ്റഡ് കെയർ പാക്കേജാണ് ലഭ്യമാകുക. മെഡിക്കൽ സേവനങ്ങളും വീടുകളിലെത്തിയുള്ള പരിശോധനകളും ഓൺലൈൻ കൺസൾട്ടേഷൻ, ആംബുലൻസ് സേവനങ്ങൾ തുടങ്ങിയവയും കൂടാതെ ലോകത്തെവിടെനിന്നും വെർച്വൽ കണക്റ്റ് ഉപയോഗിച്ച് കുടുംബാംഗങ്ങളുടെ ഡോക്ടർ കൺസൾട്ടേഷനിൽ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്താൻ സാധിക്കുന്ന സംവിധാനവും ഉൾപ്പെടുന്നതാണ് ഈ പാക്കേജ്.

ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന്റെ ഡിജിറ്റൽ ഹെൽത്ത് സ്ട്രാറ്റജിയുടെ ഭാഗമായുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ‘ആസ്റ്റർ ദിൽ സേ’ പ്രോജക്ട്.

പ്രവാസികൾക്ക് ഇന്ത്യയിലെ അവരുടെ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ഒരു ഓൺ-ഗ്രൗണ്ട് ഹെൽത്ത് കെയർ പങ്കാളിയായി പ്രവർത്തിക്കുന്ന രീതിയിലാണ് പദ്ധതിയെ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടർ ആസാദ് മൂപ്പൻ പറഞ്ഞു.

ആദ്യം കേരളത്തിൽ ആരംഭിച്ചിരിക്കുന്ന ഈ സേവനം ക്രമേണ മറ്റ് സംസ്ഥാനങ്ങളിലെ ആസ്റ്റർ ഹോസ്പിറ്റലുകളിലേക്കും വ്യാപിപ്പിക്കും.