അബുദാബി : റംസാൻ ക്ഷേമപദ്ധതികളുമായി ലുലു ഗ്രൂപ്പ്. പഠനത്തിൽ മികവുതെളിയിച്ച നിർധന വിദ്യാർഥികൾക്കുള്ള സഹായവും അവശ്യസാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന റംസാൻ കിറ്റ് പദ്ധതിയുമാണ് ലുലുനടപ്പാക്കുന്നത്. അബുദാബി ഖാലിദിയ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ പ്രഖ്യാപനംനടന്നു.

അബുദാബി യൂണിവേഴ്‌സിറ്റിയുടെ ‘ഇഖ്‌റാ’ കാമ്പയിനിലൂടെയാണ് എമിറേറ്റ്‌സ് റെഡ് ക്രെസന്റുമായി ചേർന്ന് ലുലു ഗ്രൂപ്പ് വിദ്യാഭ്യാസ സഹായം ലഭ്യമാക്കുക. ലുലുവിൽനിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് പദ്ധതിയിലേക്ക് രണ്ട് ദിർഹം സംഭാവനയായി നൽകാം.

ഇത്തരത്തിൽ സ്വരൂപിക്കുന്ന പണം നിർധനവിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്കായി ഉപയോഗിക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ അബുദാബി യൂണിവേഴ്‌സിറ്റി ചാൻസലർ പ്രൊഫ. വഖാർ അഹമ്മദ്, ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപവാല, എമിറേറ്റ്‌സ് റെഡ്‌ക്രെസന്റ് സപ്പോർട്ട് സർവീസ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി മുഹമ്മദ് യൂസഫ് അൽ ഫാഹിം എന്നിവർ ഒപ്പുവെച്ചു.

സാമൂഹിക പങ്കാളിത്തമെന്ന യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ആശയത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് അബുദാബി യൂണിവേഴ്‌സിറ്റി പിന്തുടരുന്നതെന്ന് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. അലി സായിദ് ബിൻ ഹർമാൽ അൽ ദാഹിരി പറഞ്ഞു. ഇതിലൂടെ അർഹരായ വിദ്യാർഥികൾക്ക് പഠന സഹായം ലഭ്യമാക്കാൻ കഴിയുമെന്നും ലുലു, റെഡ്‌ക്രെസന്റ് പങ്കാളിത്തത്തിന് നന്ദിയറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇരു പ്രസ്ഥാനങ്ങളുമായി ചേർന്ന് റംസാൻ മാസത്തിൽ ഇത്തരമൊരു പുണ്യപ്രവൃത്തിക്ക് തുടക്കം കുറിക്കാനായതിൽ അഭിമാനമുണ്ടെന്ന് സൈഫി രൂപവാല അറിയിച്ചു. സാമൂഹിക പങ്കാളിത്തിലൂടെ വലിയ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് ഇത്തരത്തിൽ കണ്ടെത്തുന്നതെന്ന് റെഡ്‌ക്രെസന്റ് സെക്രട്ടറി ജനറൽ ഡോ.മു ഹമ്മദ് അതീഖ് അൽ ഫലാഹി അഭിപ്രായപ്പെട്ടു.

ലുലുവിൽ റംസാൻകിറ്റുകൾ ഒരുങ്ങി

റംസാൻ ഷോപ്പിങ് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ റംസാൻ കിറ്റ് പദ്ധതിക്ക് തുടക്കമായി. ആവശ്യസാധനങ്ങൾ ഉൾക്കൊള്ളുന്ന 120, 85 ദിർഹത്തിന്റെ കിറ്റുകളാണ് പുറത്തിറക്കിയത്. അരി, പാൽപ്പൊടി, എണ്ണ തുടങ്ങിയ ഉത്പന്നങ്ങളെല്ലാം വിപണി വിലയിലും കുറച്ചാണ് കിറ്റിൽ ലഭ്യമാക്കിയിരിക്കുന്നത്. ഹൈപ്പർമാർക്കറ്റുകളിൽ നേരിട്ടെത്തിയും ഓൺലൈനായും കിറ്റ് വാങ്ങാം. റംസാൻമാസം ഗാർഹിക ഭക്ഷ്യയുത്പന്നങ്ങളുടെ ലഭ്യത കുറഞ്ഞവിലയ്ക്ക് ഉറപ്പാക്കാൻ ഇതിലൂടെസാധിക്കുമെന്ന് ലുലുഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി പറഞ്ഞു. റംസാനിലെ ഇളവുകൾ ലഭ്യമാക്കാൻ 40 ദശലക്ഷം ദിർഹമാണ് വകയിരുത്തിയിട്ടുള്ളത്. 30,000 ത്തിലേറെ ഉത്പന്നങ്ങൾ ഇതിലുൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.