ദുബായ് : വ്യാവസായികമേഖലകളെ പിന്തുണയ്ക്കുന്നതിനായി യു.എ.ഇ.യിലെ പ്രധാന മേഖലകളിൽ അഞ്ച് വർഷത്തിനകം 25000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ദേശീയ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 30 ബില്യൻ ദിർഹം പ്രഖ്യാപിച്ചു. ദേശീയ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി എമിറേറ്റ്‌സ് ഡെവലപ്‌മെന്റ് ബാങ്ക് (ഇ.ഡി.ബി.) ധനസഹായം നൽകും.

വ്യാവസായികതന്ത്രം 2021-2031 ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് പുതിയപദ്ധതികൾ. വരുംവർഷങ്ങളിൽ പ്രധാന മേഖലകളിലെ 13,500 പുതിയ കമ്പനികൾക്ക് ധനസഹായം നൽകും. ദേശീയ സമ്പദ് വ്യവസ്ഥ മികച്ച രീതിയിൽ മുന്നേറുകയാണ്. സ്റ്റേറ്റ് ബാങ്കുകളിൽ മൂന്ന് ട്രില്യൻ ദിർഹം കവിയുന്ന ആസ്തിയുണ്ട്. രാജ്യത്ത് തങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ആഗ്രഹിക്കുന്നവരെ സ്വാഗതംചെയ്യുന്നതായും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ദേശീയ സമ്പദ് വ്യവസ്ഥയുടെ വികസനത്തിനായുള്ള പ്രധാന പിന്തുണയാണ് ഇ.ഡി.ബി.യുടേതെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു. പ്രധാന കമ്പനികളെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും സഹായിക്കുന്ന നടപടികളും എടുത്തുപറയേണ്ടതാണ്. 2031-ഓടെ യു.എ.ഇ.യെ അന്താരാഷ്ട്ര വ്യാവസായിക കേന്ദ്രമായി ഉയർത്തുകയാണ് ലക്ഷ്യം.