ഷാർജ : ചൊവ്വാഴ്ച നടക്കുന്ന കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ അവസാനവട്ട വോട്ടഭ്യർഥനകളുമായി പ്രവാസി സംഘടനകളും വ്യക്തികളും. യു.എ.ഇയിൽ ഷാർജ കേന്ദ്രീകരിച്ചാണ് ഈ തിരഞ്ഞെടുപ്പിൽ കൂടുതൽ പ്രചാരണം വിവിധ സംഘടനകൾ സംഘടിപ്പിച്ചത്. സ്ഥാനാർഥികളുമായുള്ള വ്യക്തിബന്ധവും കുടുംബബന്ധവും സൂക്ഷിച്ചുകൊണ്ട് പ്രവാസികൾ നാട്ടിൽ വോട്ടഭ്യർഥന നടത്തിയിരുന്നു. മൂവാറ്റുപ്പുഴ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ വിജയത്തിനായി അടുത്ത സുഹൃത്തും വ്യവസായിയുമായ കോതമംഗലം സ്വദേശി നെജി ജെയിംസ് ഷാർജ യാർമുക്കിലെ താമസയിടത്തിനോടുചേർന്ന് കൂറ്റൻ ഫ്ളെക്സ് ബോർഡ് വെച്ചതും മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. യു.എ.ഇ.യിൽ ആദ്യമായാണ് നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അത്തരമൊരു ഫ്ളെക്സ് ഉയർന്നത്.

മിക്ക സ്ഥാനാർഥികളും പ്രവാസികൾക്കായി പ്രത്യേക വോട്ടഭ്യർഥനകളുടെ വീഡിയോ സന്ദേശങ്ങളയച്ചിരുന്നു. കാസർകോട് ഇൻകാസ് പ്രവർത്തകർ അവസാനവട്ട വോട്ടഭ്യർഥനാ കാമ്പയിൻ തന്നെ ഷാർജയിൽ സംഘടിപ്പിച്ചിരുന്നു. നാട്ടിലെ സുഹൃത്തുക്കളെയും ബന്ധുക്കളെയും മറ്റ് അടുത്ത പരിചയക്കാരെയും വിളിച്ച് ജില്ലയിലെ യു.ഡി.എഫ്. സ്ഥാനാർഥികൾക്കായി വോട്ടഭ്യർഥിച്ചു. പ്രവാസിയും ഐ.എം.സി.സി. നേതാവുമായ എം.എ. ലത്തീഫ് കാസർകോട് മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ യു.എ.ഇ.യിലെ സുഹൃത്തുക്കളും സംഘടനാപ്രവർത്തകരും സജീവമായി പ്രചാരണത്തിലുണ്ടായിരുന്നു.

കൂത്തുപറമ്പ് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥിയും വ്യവസായിയുമായ പൊട്ടങ്കണ്ടി അബ്ദുല്ലയ്ക്കുവേണ്ടിയും പ്രവാസികൾ വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു. ഇൻകാസ് അടക്കമുള്ള സംഘടനകൾ യു.എ.ഇ.യിലെ അതത് ജില്ലാ കമ്മിറ്റികൾ വെർച്വൽ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ സംഘടിപ്പിച്ചിരുന്നു. ഉന്നതരായ പാർട്ടി നേതാക്കൾ വിവിധ കൺവെൻഷനുകളിൽ പ്രവാസികളോട് വോട്ടഭ്യർഥന നടത്തുകയുണ്ടായി. സാമൂഹിക മാധ്യമങ്ങളിലൂടെ ‘ഉറപ്പാണ് എൽ.ഡി.എഫ്’, ‘തരംഗമായ് യു.ഡി.എഫ്.’ തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും സജീവമാക്കി.

യു.എ.ഇ. കെ.എം.സി.സി.യുടെ പ്രവർത്തകർ വോട്ടുചെയ്യാനായി രണ്ട് ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്ക് പോയതും വാർത്തയായിരുന്നു. ഏകദേശം 500-ലേറെ പ്രവർത്തകർ വോട്ടുചെയ്യാനായി നാട്ടിലെത്തിയിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി നിസാർ തളങ്കര പറഞ്ഞു. കോവിഡ് കാലമായതിനാൽ മുൻകാലങ്ങളെപോലെ കൂടുതൽ വോട്ടുവിമാനങ്ങൾ നാട്ടിലേക്കയയ്ക്കാനും സാധിച്ചിട്ടില്ല. ഇൻകാസ്, ഇടതുപക്ഷ, ബി.ജെ.പി. സംഘടനാപ്രവർത്തകരായ പരമാവധി ആളുകൾ വോട്ടുചെയ്യാനായി നേരത്തേതന്നെ നാട്ടിലെത്തിയിട്ടുണ്ട്. നാടിനൊപ്പം തിരഞ്ഞെടുപ്പ് മത്സരത്തിനുള്ള വീറും വാശിയും പ്രവാസികളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുകയായിരുന്നു.