അബുദാബി : റംസാനിൽ യു.എ. ഇയിലെ നിത്യോപയോഗ സാധനങ്ങൾക്ക് വാണിജ്യമന്ത്രാലയം വിലയിളവ് പ്രഖ്യാപിച്ചു. 25 ശതമാനം മുതൽ 75 ശതമാനംവരെയാണ് ഇളവ് ലഭിക്കുക.

ഏപ്രിൽ 13 മുതൽ 30,000-ത്തിലേറെ ഉത്പന്നങ്ങൾക്ക് വിലയിളവ് ലഭിക്കുമെന്ന് വാണിജ്യമന്ത്രാലയം കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മർവാൻ അൽ സൂക്‌സി വ്യക്തമാക്കി. രാജ്യത്ത് ഉടനീളമുള്ള 894 വാണിജ്യ സ്ഥാപങ്ങളിലൂടെയാണ് ഇളവുകൾ ലഭ്യമാകുന്നത്.

ഉപഭോക്തൃ സഹകരണ സംഘങ്ങളും വിവിധ വാണിജ്യ സ്ഥാപനങ്ങളുമായി മന്ത്രാലയം നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇളവ് പ്രഖ്യാപിച്ചത്. ഒട്ടേറെ സ്ഥാപനങ്ങളിൽ റംസാൻ ബക്കറ്റ് സംരംഭവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒട്ടേറെ സ്ഥാപനങ്ങളും ഓൺലൈനായി വിലയിളവ് പ്രഖ്യാപിച്ചതായി മന്ത്രാലയം അറിയിച്ചു. വാണിജ്യ സ്ഥാപനങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് ഓൺലൈനായുള്ള ഇടപാടുകൾ ഗുണം ചെയ്യും. വ്യവസായ സ്ഥാപനങ്ങൾ കർശന കോവിഡ് സുരക്ഷാ വ്യവസ്ഥകൾ പാലിച്ചുകൊണ്ടാവണം പ്രവർത്തിക്കേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.