ദുബായ് : മെട്രോ റെഡ് ലൈനിലെ മൂന്ന് സ്റ്റേഷനുകളുടെ വികസനപ്രവർത്തനം 74 ശതമാനം പൂർത്തിയായതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു.

ദുബായ് ഇന്റർനെറ്റ് സിറ്റി, മറീന, യു.എ.ഇ. എക്സ്‌ചേഞ്ച് സ്റ്റേഷൻ എന്നിവയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായി. ഈ വർഷം രണ്ടും മൂന്നും പാദങ്ങളിൽ പ്രവർത്തനം ആരംഭിക്കാമെന്നാണ് പ്രതീക്ഷ. ഗതാഗതം, നിശ്ചയദാർഢ്യക്കാരായ യാത്രക്കാരുടെ എണ്ണം, പ്രദേശത്തെ ജനസാന്ദ്രത, ഭൂമിശാസ്ത്രം ഇവയെല്ലാം പരിഗണിച്ചാണ് സ്റ്റേഷനുകൾ വികസിപ്പിക്കുന്നത്. പ്രവേശന കവാടങ്ങളും പുറത്തേക്കുമുള്ള വഴികളാണ് പ്രധാനമായും വികസിപ്പിക്കുന്നത്.

സൈക്ലിങ് ട്രാക്കുകൾ, ദിശാസൂചനകൾ, കാൽനടക്കാർക്ക് റോഡിന് കുറുകെ കടക്കാനുള്ള വഴി, ബസ് ടാക്സി സ്റ്റാൻഡുകൾ ഇവയെല്ലാം വികസനത്തോടൊപ്പം യാഥാർഥ്യമാകും. ദുബായ് നിശ്ചയദാർഡ്യക്കാരെ ഏറ്റവുമധികം പരിഗണിക്കുന്ന സൗഹൃദ നഗരമെന്ന ഖ്യാതി ബലപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. വികസനം പൂർത്തിയാകുന്നതോടെ മൂന്ന് സ്റ്റേഷനുകളിലും ധാരാളം യാത്രക്കാർക്ക് സഞ്ചരിക്കാനാവും.