ദുബായ് : കുഞ്ഞ് പിറന്നതിന്റെ ആഘോഷത്തിൽ യുവാവ് അബദ്ധത്തിൽ അഞ്ച് കാറുകൾ അഗ്നിക്കിരയാക്കി. അയൽക്കാരുടെ വീടിന് മുൻവശവും കാറുകളുമാണ് ആഘോഷത്തിനിടെ കത്തിനശിച്ചത്.

സംഭവത്തിൽ അറബ് യുവാവിനെയും സുഹൃത്തുക്കളായ രണ്ടുപേരെയും ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ദുബായ് ഊദ് അൽ മുത്തീനയിലായിരുന്നു സംഭവം.

പടക്കം പൊട്ടിച്ചുള്ള ആഘോഷത്തിനിടെയാണ് തീപടർന്നത്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം അപകടമുണ്ടാവാതെ പരിസരം സുരക്ഷിതമാക്കിയെന്ന് ഖിസൈസ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. ജനറൽ അബ്ദുൽ ഹാലിം അൽ ഹാഷിമി പറഞ്ഞു. അപകടത്തിനുശേഷം പടക്കം ഒളിച്ചുവെച്ചതിനാണ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തത്. കരിമരുന്നും പടക്കങ്ങളും ഉപയോഗിക്കുന്നതിനെതിരേ പോലീസ് മുന്നറിയിപ്പ് നൽകി.