ഷാർജ : ഷാർജയിൽ കാണാതായ തിരൂർ സ്വദേശി അബ്ദുൽ ആസിഫിനെ (27) കണ്ടെത്തിയതായി ഖിസൈസ് പോലീസിൽനിന്ന് വിവരം ലഭിച്ചെന്ന് ബന്ധു ഹംസ അറിയിച്ചു. കഴിഞ്ഞ വ്യാഴം വൈകീട്ട് മുതലാണ് ആസിഫിനെ ഷാർജ ദൈദിൽനിന്ന് കാണാതായത്. ദൈദിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കാണാതാവുന്നതിനും നാലുദിവസം മുമ്പായി യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി ഹംസ പറഞ്ഞു.

കൂടെ താമസിക്കുന്നയാൾ വിവരം നൽകിയതനുസരിച്ച് ദൈദിലെ താമസയിടത്തിൽ ആസിഫിനെ കൂട്ടികൊണ്ടുപോകാനായി എത്തിയതായിരുന്നു അമ്മാവനായ ഹംസയും കുടുംബവും. എന്നാൽ മാനസികാവസ്ഥ സാധാരണനിലയിലായതിനെ തുടർന്ന് ആഹാരവും വാങ്ങിക്കൊടുത്ത് ആസിഫിനെ മുറിയിൽ സുരക്ഷിതമാക്കി താമസിപ്പിച്ച് ഹംസയും കുടുംബവും മടങ്ങി. അടുത്ത ദിവസം രാവിലെ ഷാർജ നാഷണൽ പെയിന്റിനടുത്ത് വിവസ്ത്രനായി ആസിഫിനെ കണ്ടെന്ന് ചിലർ ഹംസയെ വിവരമറിയിച്ചു. പിന്നീട് കാണാതായതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ഖിസൈസ് പോലീസ് സ്റ്റേഷനിലുള്ള ആസിഫിനെ നേരിൽ കണ്ട് തിരിച്ചറിഞ്ഞശേഷം വേഗംതന്നെ നാട്ടിലേക്ക് പറഞ്ഞയയ്ക്കാനാണ് ശ്രമമെന്നും ഹംസ പറഞ്ഞു. മുമ്പ അഞ്ചുവർഷത്തോളം ആസിഫ് റാസൽഖൈമയിലും ജോലി ചെയ്തിരുന്നു.