ദുബായ് : പേപ്പർരഹിത സർക്കാർ സംരംഭത്തിന് അനുസൃതമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ഡിജിറ്റൽ ഇടപാടുകളിലേക്ക് വഴിമാറുന്നു. ഇതിന്റെ ഭാഗമായി പേപ്പർ ഇടപാടുകൾ ആർ.ടി.എ. പൂർണമായും നിർത്തിവെച്ചു. ഇനിമുതൽ വിവിധ ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും ഡിജിറ്റലായാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. കസ്റ്റമർ ഹാപ്പിനെസ് സെന്ററുകൾ വഴി ഇതിനകംതന്നെ ഇ-മെയിലുകൾ, ടെക്സ്റ്റ് മെസ്സേജുകൾ എന്നിവ അയയ്ക്കാൻ തുടങ്ങിയതായി ആർ.ടി.എ. അധികൃതർ അറിയിച്ചു. എല്ലാ ഇടപാടുകളും ലഭിക്കുക ഡിജിറ്റൽ മാർഗത്തിലൂടെയായിരിക്കും. ആർ.ടി.എ. ഡയൽ ഫ്രീ നമ്പറിൽ 8009090 വിളിച്ച് ഫോൺനമ്പറും ഇ-മെയിൽ ഐ.ഡി.യും നൽകണമെന്ന് അധികൃതർ ഉപഭോക്താക്കളോട് അഭ്യർഥിച്ചു. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണിത്.