ദുബായ് : ഒമാനിൽ പുതുതായി 902 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒമ്പതുപേർ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. 1123 പേർകൂടി രോഗമുക്തിനേടി. ഇതുവരെ ഒമാനിൽ 1,97,802 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 1,79,175 പേർ രോഗമുക്തി നേടുകയും ചെയ്തു. ആകെ മരണം 2062 ആണ്. നിലവിൽ 90.6 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 813 പേർ ചികിത്സയിലുണ്ട്. ഇവരിൽ 287 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. യു.എ.ഇ.യിൽ 1,699 പേർക്കുകൂടി കോവിഡ് സ്ഥിരീകരിക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന 1,686 പേർകൂടി രോഗമുക്തി നേടി. 1,79,453 പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 5,27,266 കേസുകളാണ്. ഇവരിൽ 5,07,706 പേരും രോഗമുക്തി നേടുകയുംചെയ്തു. ആകെമരണം 1598 ആണ്. നിലവിൽ 17,962 പേർ ചികിത്സയിലുണ്ട്.

സൗദി അറേബ്യയിൽ പുതുതായി 999 പേർക്ക്കൂടി കോവിഡ് ബാധ കണ്ടെത്തി. 1005 പേർ സുഖംപ്രാപിച്ചു. വിവിധയിടങ്ങളിലായി 14 പേർ രോഗം ബാധിച്ചുമരിച്ചു. ഇതുവരെ 4,21,300 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 4,04,707 പേർ സുഖംപ്രാപിച്ചു. ആകെ മരണസംഖ്യ 7,006 ആണ്. വിവിധ ആശുപത്രികളിലായി നിലവിൽ 9,587 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,356 പേരുടെ നില ഗുരുതരമാണ്. ഖത്തറിൽ എട്ടുപേർകൂടി രോഗംബാധിച്ച് മരിച്ചു. ആകെമരണം ഇതോടെ 480 ആയി. 644 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ ഇതോടെ 13,013 ആയി. 1548 പേർ രോഗമുക്തി നേടിയതോടെ സുഖംപ്രാപിച്ചവരുടെ എണ്ണം 1,94,099 ആയി. 722 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 310 പേർ ഗുരുതരാവസ്ഥയിലാണ്.