ദുബായ് : ലോകത്തെവിടെയും സഹായഹസ്തവുമായി എത്തുന്ന അജ്ഞാതനെ അന്വേഷിക്കുകയാണ് അറബ് ലോകം ഒന്നടങ്കം. റംസാനിൽ അജ്ഞാതനായ യുവാവിന്റെ കാരുണ്യ പ്രവർത്തനം അറബ് ലോകത്ത് വീണ്ടും ശ്രദ്ധേയമാവുകയാണ്.

വേദനിക്കുന്നവരുടെ അരികിലെത്തി അവർക്ക് വേണ്ടതുനൽകി സങ്കടംതീർത്ത് മുഖംനൽകാതെ രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന അജ്ഞാതനായ യുവാവിന്റെ കാരുണ്യപ്രവർത്തനമാണ് ശ്രദ്ധേയമായികൊണ്ടിരിക്കുന്നത്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് വഴി ആർക്കും ഈ അജ്ഞാതന്റെ നന്മകളിൽ പങ്കാളിയാകാം. ഈ യുവാവിന്റെ സേവനപ്രവർത്തനം അബുദാബി ടി.വി.യും സാമൂഹിക മാധ്യമങ്ങളും ‘ഖൽബീ ഇത്ത് മ അൻ’ എന്നപേരിൽ സംപ്രേഷണം ചെയ്യുന്നുണ്ട്.

യു.എ.ഇ. ദാനവർഷം ആഘോഷിച്ച 2017- ലാണ് ആദ്യമായി ഈ അജ്ഞാതൻ പ്രത്യക്ഷപ്പെട്ടത്. ലോകത്ത് എവിടെയും സ്നേഹസ്പർശവുമായി എത്തുന്ന യുവാവ് അറബ് ലോകത്തിന്റെ മനസ് ഇതിനകം കീഴടക്കിക്കഴിഞ്ഞു. മുൻകാലവർഷങ്ങളിൽ ഒട്ടേറെ കാരുണ്യപ്രവർത്തനങ്ങൾ നടത്തിയ ഇദ്ദേഹം ഇത്തവണ പാവപ്പെട്ട കുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസംനൽകുന്ന പദ്ധതിയുമായാണ് എത്തിയിരിക്കുന്നത്.

ലോകത്തെ വിവിധ വിദ്യാഭ്യാസകേന്ദ്രങ്ങളെ പിന്തുണയ്ക്കുക, അനാഥ വിദ്യാർഥികൾക്കും സ്കൂൾ ഫീസ് അടയ്ക്കാൻ കഴിയാത്തവർക്കും പഠനം പൂർത്തിയാക്കാനുള്ള സാഹചര്യമൊരുക്കുക, കുട്ടികളുടെ പഠനച്ചെലവ് നിയന്ത്രിക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന വിവിധ തൊഴിലവസരങ്ങൾക്ക് സഹായംനൽകുക തുടങ്ങിയ സേവനപ്രവർത്തനങ്ങളുമായാണ് പാവപ്പെട്ടവരെ ഇദ്ദേഹം പിന്തുണയ്ക്കുന്നത്.

വിദ്യാഭ്യാസപ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള ഈ അജ്ഞാതന്റെ യാത്രയിൽ ഇതിനകം ഒട്ടേറെപേർക്ക് സഹായം ലഭിച്ചു.