മുഹമ്മദ് നബി(സ)യുടെ സംസാരശൈലിയെക്കുറിച്ച് പ്രിയപത്നി ആയിശ(റ)പറയുന്നത് ഇപ്രകാരമാണ്: ‘‘പ്രവാചകൻ നീട്ടിസംസാരിക്കുന്ന ആളായിരുന്നില്ല. ഓരോ വാക്യത്തിനിടയിലും നിർത്തി സദസ്സിന് ഗ്രഹിക്കാനാകുംവിധമായിരുന്നു സംസാരങ്ങൾ.’’ പ്രവാചകന്റെ സംസാരത്തിന്റെ മറ്റൊരു പ്രത്യേകത ഇപ്രകാരമായിരുന്നു. ജനങ്ങൾക്ക്് മനസ്സിലാകുംവിധം മൂന്ന് പ്രാവശ്യം ആവർത്തിച്ച് പറയുമായിരുന്നു. സംസാരത്തിനിടയിലെ മൗനം മറ്റൊരു പ്രത്യേകതയായിരുന്നു. തന്റെ മുന്നിൽ വരുന്നവരോട് പുഞ്ചിരിച്ചുകൊണ്ട് സംസാരിച്ചു. നബി(സ)ക്ക് ലഭിച്ച അനുഗ്രഹങ്ങൾ പറയുന്നിടത്ത് ഇപ്രകാരം കാണാം: ‘‘ചെറുവാക്യങ്ങൾകൊണ്ട്് വലിയ ആശയങ്ങൾ പങ്കുവെക്കാൻ ദൈവം എന്നെ അനുഗ്രഹിച്ചു.’’ പ്രവാചകവ്യക്തിത്വത്തിന്റെ സൗന്ദര്യമാണ് അവിടത്തെ സംസാരശൈലിയിൽനിന്നെല്ലാം വ്യക്തമാകുന്നത്. ബഹളംവെച്ചുള്ള സംസാരം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ, അങ്ങനെ സംസാരിക്കുന്ന ഗ്രാമീണ അറബികളെ കേൾക്കാൻ പ്രവാചകൻ സന്നദ്ധനായിരുന്നു.

ഗൗരവമുള്ള കാര്യങ്ങൾ സംസാരിക്കുമ്പോൾ പ്രവാചകന്റെ മുഖം ചുവന്നുതുടുത്തിരുന്നു. പ്രവാചകന്റെ അരികിലെത്തുന്ന ആർക്കും അദ്ദേഹത്തിന്റെ സംസാരശൈലികൊണ്ട് വിഷമിച്ച് മടങ്ങേണ്ടിവന്നിട്ടില്ല. പ്രവാചക ജീവിതത്തിൽ ആകൃഷ്ടരായി നാട്ടിലേക്ക്് തിരിച്ചുപോകുന്ന യാത്രാസംഘങ്ങളെക്കുറിച്ച് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

മുഹമ്മദ് നബിയുടെ സ്വഭാവവും സംസ്കാരവും കുറ്റമറ്റരീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നത് വലിയ പ്രത്യേകതയാണ്. തലമുറകൾ അത്‌ വായിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്തുവരുന്നു. മുഹമ്മദ് നബിയുടെ ഭക്ഷണരീതിയും വസ്ത്രധാരണരീതിയും നടത്തവും സംസാരവുമെല്ലാം എങ്ങനെയായിരുന്നുവെന്ന് പ്രവാചകനൊപ്പം ജീവിച്ചിരുന്നവർ സാക്ഷ്യപ്പെടുത്തുന്നത് കാണാനാകും. വിമർശകരെപ്പോലും അതിശയിപ്പിക്കുന്ന സ്വഭാവമഹിമ പ്രവാചക വ്യക്തിത്വത്തെ വ്യതിരിക്തമാക്കുന്നുണ്ട്. മുഹമ്മദ് നബിയോട് ആശയപരമായി വിയോജിക്കുന്നവരും അദ്ദേഹത്തിന്റെ മാന്യതയെ അംഗീകരിച്ചിരുന്നു. എത്രവലിയ ശത്രുതയുമായി എത്തുന്നവരോടും ഹൃദയത്തിൽ സ്പർശിക്കുന്ന രൂപത്തിൽ സംസാരിക്കാൻ പ്രവാചകന് സാധിച്ചു.

നല്ല സംസാരശേഷി നേതൃഗുണത്തിന്റെ ലക്ഷണംകൂടിയാണ്. കണ്ടതും കേട്ടതുമെല്ലാം സംസാരിച്ച് ബഹളം വെക്കുന്നവരെ ആരും ഇഷ്ടപ്പെടുകയില്ല. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട്് അനാവശ്യസംസാരങ്ങൾ നടത്തുന്നത് പ്രവാചകൻ വിരോധിച്ച കാര്യവുമാണ്. ശുദ്ധമായ ഹൃദയത്തിൽനിന്നാണ് ആത്മാർഥമായ വാക്കുകൾ പിറക്കുന്നത്. അത് മനുഷ്യഹൃദയങ്ങളിലേക്ക് ഒഴുകുന്നു. മുഹമ്മദ് നബിയെക്കുറിച്ച് ഖുർആൻ പറയുന്നത് ഇങ്ങനെയാണ്: ‘‘അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.’’ ദിവ്യസന്ദേശമായി നൽകപ്പെടുന്ന ഉദ്ബോധനമാണ് അദ്ദേഹം മനുഷ്യർക്ക് നൽകുന്നത്. ദിവ്യവചനങ്ങൾ ജനങ്ങൾക്ക് വ്യക്തമായി പഠിപ്പിച്ച് നൽകുകയെന്ന ചുമതലയാണ് പ്രവാചകനുണ്ടായിരുന്നത്. 23-വർഷംകൊണ്ട് മുഹമ്മദ് നബി സാധിച്ചെടുത്ത വിപ്ലവത്തെ ആഴത്തിൽ വായിക്കുമ്പോൾ അവിടത്തെ അനിതര വ്യക്തിത്വം തെളിഞ്ഞ് കാണാനാകും. താങ്കളൊരു പരുഷസ്വഭാവിയായിരുന്നെങ്കിൽ ജനം താങ്കളിൽനിന്ന് ഒഴിഞ്ഞുപോകുമായിരുന്നെന്ന് ഖുർആൻ ഓർമപ്പെടുത്തുന്നത് ശ്രദ്ധേയമാണ്.