അബുദാബി : ചെറിയപെരുന്നാളിന്റെ ഭാഗമായി യു.എ.ഇ.യിൽ റംസാൻ 29 ആയ മേയ് 11 മുതൽ മുതൽ ശവ്വാൽ മൂന്നുവരെ സ്വകാര്യ മേഖലയിലും പൊതു മേഖലയിലും അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള അവധി ദിനങ്ങളായിരിക്കും ഇത്.

യു.എ.ഇ.യിലെ വിവിധ കേന്ദ്രങ്ങൾ അവധിദിനം ആഘോഷമാക്കാനായി ഒരുങ്ങിക്കഴിഞ്ഞു. വാണിജ്യ കേന്ദ്രങ്ങൾ ഉത്പന്നങ്ങൾക്ക് മികച്ച ഇളവുകളുമായി ഉപഭോക്താക്കളെ ആകർഷിക്കുന്ന തിരക്കിലാണ്. വസ്ത്ര-പാദരക്ഷാ വിപണി, ഭക്ഷ്യവസ്തുക്കളുടെ വിപണന കേന്ദ്രങ്ങൾ എന്നിവയെല്ലാം പെരുന്നാൾ നിറവിലാണ്. റംസാൻ ആശയത്തിലുള്ള ബോർഡുകളും ആകർഷകമായ അവതരണങ്ങളും എങ്ങും കാണാനാവും. വെടിക്കെട്ടടക്കമുള്ള ആഘോഷങ്ങൾ നടക്കുന്ന കേന്ദ്രങ്ങളോടുചേർന്നുള്ള ഹോട്ടലുകൾ മുൻകൂട്ടി ബുക്കിങ് സ്വീകരിച്ചുകൊണ്ട് ജനങ്ങളെ ആകർഷിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ എമിറേറ്റുകളിലേക്കും മറ്റുരാജ്യങ്ങളിലേക്കും ആളുകൾ അവധിയാഘോഷിക്കാൻ പോകാനുള്ള സാധ്യതകൾ കുറവാണ്. അതുകൂടി കണക്കാക്കി അതത് സ്ഥലങ്ങളിൽ വ്യവസ്ഥകളോടെ ആഘോഷം നടത്താനുള്ള വകയൊരുക്കുക്കുകയാണ് വിനോദസഞ്ചാര വകുപ്പും കച്ചവടസ്ഥാപനങ്ങളും. ഏപ്രിൽ 13-നാണ് യു.എ.ഇ.യിൽ റംസാൻ ആരംഭിച്ചത്.