അബുദാബി : ലോക വന്യജീവി ദിനത്തിന്റെ ഭാഗമായി അൽഐൻ മൃഗശാല ബോധവത്കരണ പരിപാടികൾക്ക് തുടക്കംകുറിച്ചു.

വംശനാശഭീഷണി നേരിടുന്ന ജന്തുവർഗങ്ങളെ പരിപാലിക്കേണ്ട ആവശ്യകതയും അവ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും മൃഗശാല അധികൃതർ വിശദീകരിച്ചു.

ഇതുസംബന്ധിച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന പദ്ധതികളാണ് നടപ്പാക്കുക. വിവിധ തുറകളിൽപ്പെടുന്നവർക്കായി കാമ്പിങ്, പ്രത്യേക പരിപാടികൾ എന്നിവ സംഘടിപ്പിക്കും.

4000-ത്തിലേറെ മൃഗങ്ങളെയാണ് അൽഐനിൽ പരിപാലിക്കുന്നത്. ഇവയിൽ വംശനാശഭീഷണി നേരിടുന്ന അറേബ്യൻ മണൽപ്പൂച്ചയും ഒറിക്സും കാട്ടുപൂമ്പാറ്റയും പക്ഷികളും ഗദ്ദാഫ് മരങ്ങളുംവരെ ഉൾപ്പെടും.

വിവിധ ദേശീയ, അന്തർദേശീയ ഏജൻസികളുമായും ചേർന്നാണ് അൽഐൻ മൃഗശാലയിലെ ശാസ്ത്രീയ ജന്തുപരിപാലനം നടക്കുന്നത്.