അബുദാബി : സുരക്ഷിതമായ വേനൽക്കാലം എന്ന ആശയത്തിൽ ഗതാഗത ബോധവത്കരണവുമായി അബുദാബി പോലീസ്. വേനൽക്കാലത്തെ വാഹന പരിചരണത്തിലൂടെ അപകടങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നാണ് പോലീസ് വിശദീകരിക്കുന്നത്. നിരത്തുകളിൽ ഡ്രൈവർമാരുമായി നേരിട്ട് സംവദിച്ചും സാമൂഹികമാധ്യമങ്ങൾ വഴിയും പ്രത്യേക ക്ലാസുകളിലൂടെയുമാണ് പോലീസ് ബോധവത്കരണം.

വേനൽക്കാലത്ത് വാഹനഉപയോക്താക്കൾ ഏറ്റവുമധികം ശ്രദ്ധ നൽകേണ്ടത് ടയറുകൾക്കാണ്. ടയറുകളുടെ ചെറിയ പിഴവുകൾ പോലും വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കും. കാലാവധി കഴിഞ്ഞതും പോറൽ വീണതുമായ ടയറുകൾ ഉപയോഗിക്കരുത്. കൃത്യമായ ഇടവേളകളിൽ ടയറുകളിലെ മർദം പരിശോധിക്കണം. ഓരോദിവസവും വാഹനമെടുക്കുന്നതിന് മുമ്പ് വാഹനത്തിനുചുറ്റും നടന്ന് ടയറുകൾ ശ്രദ്ധിക്കണം. അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതിന് ആനുപാതികമായി ടാറിട്ട റോഡുകളിലും ചൂട് ഉയരും. അതിവേഗ ട്രാക്കുകളിൽ പോകുന്ന വാഹനങ്ങളുടെ ചക്രവും ചൂടുപിടിക്കും. തന്മൂലം ഗുണമേന്മ കുറവുള്ളതോ, കാലാവധി കഴിഞ്ഞതോ ആയ ടയറുകൾ പൊട്ടിപ്പോകുന്നതിന് സാധ്യതയേറും. ഇത് വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കും. വേനൽക്കാലത്തെ റോഡപകടങ്ങളിൽ ഏറെയും ചൂടിൽ ടയർ പൊട്ടിയാണുണ്ടാവുന്നതെന്ന് പോലീസ് ഗതാഗത വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സലിം ബിൻ ബറാഖ് അൽ ദഹേരി പറഞ്ഞു.

വാഹനങ്ങളുടെ ടയറുകൾക്ക് പുറമെ എൻജിൻ തണുപ്പിക്കാനുള്ള റേഡിയേറ്റർ ദ്രാവകത്തിന്റെ അളവ് പരിശോധിക്കണം. ചൂട് കൂടുമ്പോൾ ഇതിന്റെ അളവ് കുറയാനും എൻജിൻ അമിതമായി ചൂടുപിടിച്ച് അപകടമുണ്ടാവാനും സാധ്യതയുണ്ട്. വാഹനം നിർത്തിയിട്ട് എൻജിൻ പൂർണമായും തണുത്തശേഷം മാത്രമേ ഇത് പരിശോധിക്കാവൂ. അല്ലെങ്കിൽ തിളച്ചദ്രാവകം പുറത്തേക്ക് തെറിച്ച് പൊള്ളലേൽക്കാനുള്ള സാധ്യതയുണ്ട്. ട്രക്കുകളടക്കമുള്ള വാഹനങ്ങൾ പരിധിയിലും അധികം ഭാരം വഹിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഭാരക്കൂടുതൽ മൂലം ടയറുകൾ പൊട്ടാനിടയുണ്ട്. വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പുറത്തുപോകരുത്. ഇക്കാര്യം രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ സമയത്തേക്കാണെങ്കിൽപോലും ഇത് അപകടങ്ങൾക്ക് വഴിവെച്ചേക്കാം. മുൻവർഷങ്ങളിൽ സമാനമായ രീതിയിലുണ്ടായ അപകടങ്ങളുടെകൂടി പശ്ചാത്തലത്തിൽ പോലീസ് ശക്തമായ ബോധവത്കരണം നടത്തുന്നുണ്ട്.

വാഹനഉപയോക്താക്കളുടെ അശ്രദ്ധമായ സമീപനങ്ങളാണ് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാവാറുള്ളത്. അതിവേഗം ഒഴിവാക്കി നിയമങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതവേനൽ പദ്ധതി വിജയകരമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് പോലീസ് കെയർ കമ്മിറ്റി ചെയർമാൻ കേണൽ മുഹമ്മദ് ഹുസൈൻ അൽ ഖൂരി പറഞ്ഞു.