ഷാർജ : സംസ്ഥാന ബജറ്റ് ആകാംക്ഷയോടെ നോക്കിക്കാണുന്നവരാണ് പ്രവാസികൾ. പ്രധാനമായും മടങ്ങിപ്പോക്കും തിരിച്ചുവരവുമെല്ലാം ആശങ്കയുണർത്തുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ കരുതലാണ് പ്രവാസികൾ പ്രതീക്ഷിക്കുന്നത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ച ബജറ്റിനെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ആളുകൾക്കുള്ളത്.

പ്രവാസത്തിൽ തുടരുന്ന താഴ്ന്ന വരുമാനക്കാരായവർക്ക് ഗുണമുള്ള നടപടികളൊന്നും പറഞ്ഞിട്ടില്ലെന്ന് സാമ്പത്തിക വിദഗ്ധൻ ഭാസ്കർ രാജ് പറയുന്നു. പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള ബജറ്റ് വിഹിതം 170 രൂപയുടെ വർധന നല്ലകാര്യം. പ്രവാസി മുതൽമുടക്കിൽ വെൻച്വർ കാപ്പിറ്റൽ ഫണ്ട് രൂപവത്‌കരിക്കുന്നത് വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ പ്രവാസികൾക്ക് അവസരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസി പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച ഇടതുസർക്കാരിന് നന്ദിയുണ്ടെന്ന് ദുബായിലെ സാമൂഹിക പ്രവർത്തകൻ എം.പി. മുരളി. കോവിഡ് പ്രതിസന്ധി മറികടക്കാനും മുൻ സർക്കാർ സ്വീകരിച്ച നടപടികളുടെ തുടർച്ചയാണ് പുതിയ ധനമന്ത്രിയും പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ അസോസിയേഷൻ, ഷാർജ

പ്രഖ്യാപനത്തിൽ പ്രവാസികൾക്കായുള്ള പുനഃരധിവാസ പദ്ധതികളെ സ്വാഗതം ചെയ്യുന്നു. എന്നാൽ കോവിഡ് ബാധിച്ച് മരിച്ച അനാഥരായ പ്രവാസി കുടുംബങ്ങൾക്കുള്ള സഹായ പദ്ധതികൾ ആവിഷ്കരിക്കണം. പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ വേണം, പ്രവാസികൾക്കുള്ള പെൻഷൻ ആനുകൂല്യം വർധിപ്പിക്കണം. കൂടാതെ നാട്ടിലുള്ളതോ പ്രവാസികളോ ആയ കലാകാരന്മാരെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ഇ.പി.ജോൺസൺ പറഞ്ഞു.

ഇൻകാസ് യു.എ.ഇ.കമ്മിറ്റി

ഡോ.തോമസ് ഐസക്കിന്റെ പാത പിന്തുടർന്നുകൊണ്ട് ബജറ്റിലൂടെ കണക്കുപറഞ്ഞ് കബളിപ്പിക്കുകയാണ് പുതിയ ധനമന്ത്രിയും ചെയ്യുന്നത്. നാട്ടിൽ തിരിച്ചെത്തിയവർക്കുള്ള 1000 കോടി രൂപയുടെ വായ്പാപദ്ധതി ബജറ്റിൽ കാണുന്നുണ്ട്. എന്നാൽ വായ്പയെടുത്ത് പാവപ്പെട്ട പ്രവാസികൾ എന്തുസംരംഭമാണ് പ്രതികൂല സാഹചര്യത്തിൽ കേരളത്തിൽ ആരംഭിക്കുക എന്നുകൂടി വ്യക്തമാക്കണം. കോവിഡ് ഇപ്പോഴും തീവ്രമായി നിലനിൽക്കുന്നുവെന്ന് ഓർമ്മവേണം. ബജറ്റിൽ പറയുന്ന പ്രവാസി ക്ഷേമ പദ്ധതികൾ കൂടി വിശദമാക്കിയാൽ നന്നായിരുന്നുവെന്ന് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി പറഞ്ഞു.

യുവകലാസാഹിതി യു.എ.ഇ കമ്മിറ്റി

പ്രവാസികളെ ചേർത്തുപിടിക്കുന്ന പദ്ധതികൾ ജനകീയതയോടെ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നു. മുൻ സർക്കാരുകളിൽ നിന്നും ഭിന്നമായി പ്രവാസികൾക്ക് കൂടുതൽ ജീവിതഭദ്രത ബജറ്റിൽ നിർദ്ദേശിച്ചത് സന്തോഷമാണ്. പ്രവാസി പദ്ധതികൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരിൽ നിന്നും അലംഭാവം കാലാകാലങ്ങളായി ഉണ്ടാവാറുണ്ട്, അതിൽ നിന്നും വ്യത്യസ്തമായി സർക്കാർ കൂടുതൽ ഇടപെടലുകൾ നടത്തുമെന്നും കരുതുന്നതായി പ്രതിനിധി ബിജു ശങ്കർ പറഞ്ഞു.

കസവ്, ഷാർജ

ജോലി നഷ്ടപ്പെട്ട് ജീവിക്കാൻ പ്രയാസമായ പ്രവാസികൾക്ക് കടം കൊടുക്കണമെന്ന് ബാങ്കുകളോട് ധനമന്ത്രി നിർദ്ദേശിക്കുന്ന ബജറ്റ് മാത്രമാണ് നിയമസഭയിൽ അവതരിപ്പിച്ചത്. പ്രവാസികളെ നിരാശരാക്കുകയാണ് സർക്കാർ ചെയ്തത്. ബാങ്കുകളുടെ ഉത്തരവാദിത്വമാണ് പ്രവാസി പുന:രധിവാസം എന്ന രീതിയിലായിരുന്നു ബജറ്റ് അവതരണമെന്ന് ചെയർമാൻ എസ്.മുഹമ്മദ് ജാബിർ പറഞ്ഞു.

പാലക്കാട് നെന്മാറ ദേശം

കോവിഡ് കാരണമോ അല്ലാതെയോ വിദേശത്ത് മരിക്കുന്ന മലയാളികളുടെ പാവങ്ങളായ കുടുംബങ്ങൾക്കുള്ള സഹായപദ്ധതികൾ ബജറ്റിലില്ലാത്തത് നിരാശാജനകമാണ്. പുന:രധിവാസ വായ്‌പാ പദ്ധതികൾ സ്വാഗതാർഹവുമാണ്. പ്രതിമകൾക്കായി പൊതുപണം ധൂർത്തടിക്കുന്ന നിലപാടുകളും സർക്കാർ നിർത്തണമെന്ന് പ്രതിനിധി പ്രദീപ് നെന്മാറ പറഞ്ഞു.

ഇൻകാസ് ദുബായ്

കോവിഡ് മരണങ്ങൾ സംഭവിച്ച പ്രവാസി കുടുംബങ്ങൾക്കുള്ള സഹായമില്ല, ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവർക്കുള്ള പ്രത്യേക സാമ്പത്തിക പാക്കേജും ബജറ്റിലില്ല. പ്രവാസികളോട് മുൻ സർക്കാരുകൾ പുലർത്തിയ വിവേചനം തുടരുകയാണെന്ന് പ്രതിനിധി സി.എ.ബിജു അഭിപ്രായപ്പെട്ടു

നോർക്ക - റൂട്ട്സ്

നോർക്കയുടെ പ്രവാസി ക്ഷേമപദ്ധതിയുടെ ഭാഗമായുള്ള പുനഃരധിവാസമടക്കം ഉൾക്കൊള്ളിച്ച ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമാണ്. പ്രവാസികളെ ചേർത്തുപിടിക്കുന്ന വായ്പാ പദ്ധതിയും ഉദാരസമീപനവും ആണ് ഇടതുസർക്കാർ തുടർച്ചയായി സ്വീകരിച്ചിരിക്കുന്നതെന്ന് നിയമപ്രതിനിധി അഡ്വ.ഫെമിൻ പണിക്കശ്ശേരി പറഞ്ഞു.

ഇൻകാസ് ഫുജൈറ

പ്രവാസി വായ്പയുടെ പേരിൽ കുറച്ചു തുക വകയിരുത്തിയിട്ടുണ്ട് എന്നതൊഴിച്ചാൽ മറ്റൊരു പരാമർശവും ഇല്ല. ക്ഷേമപദ്ധതി പ്രഖ്യാപിക്കുകയോ പ്രവാസി പെൻഷൻ, കോവിഡ് മൂലം മരിച്ച പ്രവാസികുളുടെ കുടുംബംഗൾക്കുള്ള ധനസഹായം, അവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കൽ, മടങ്ങിയെത്തിയവർക്കുള്ള പുരധിവാസ പാക്കേജ് തുടങ്ങി പ്രവാസികൾ ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും അംഗീകരിക്കാത്തത് നിരാശാജനകമാണെന്ന് പ്രസിഡന്റ് കെ.സി അബൂബക്കർ പറഞ്ഞു.

ദുബായ് ഐ.എം.സി.സി

പ്രവാസി ക്ഷേമം പ്രകടമാവുന്ന ബജറ്റ് പ്രതീക്ഷയേകുന്നു. കേന്ദ്ര സർക്കാർ വാക്സിന് തുക ഇടാക്കുമെന്ന് പറയുമ്പോൾ പൗരന്മാരുടെ ആരോഗ്യമെന്ന പ്രഥമ ഉത്തരവാദിത്വത്തിൽ ഉറച്ചുനിന്നുകൊണ്ട് പ്രവർത്തിക്കാൻ തുകയനുവദിച്ചത് സർക്കാരിന്റെ കരുതൽ വ്യക്തമാക്കുന്നുവെന്ന് ജനറൽ സെക്രട്ടറി എം.റിയാസ് പറഞ്ഞു.

ഓർമ

മനുഷ്യന്റെ ഭക്ഷണം ആരോഗ്യം സുരക്ഷ എന്നിവക്ക്‌ മുൻതൂക്കം നൽകുന്ന ബജറ്റാണിത്‌. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 2 ലക്ഷം കുട്ടികൾക്ക്‌ സൗജന്യ ലാപ്ടോപ്പ്‌ നൽകാൻ തീരുമാനിച്ചത്‌ അഭിന്ദനാർഹമാണെന്ന് പ്രസിഡണ്ട്‌ അൻവർ ഷാഹി പറഞ്ഞു.

യു.എ.ഇ. കെ.എം.സി.സി

നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ പുനരധിവാസമോ, മടക്കമോ എങ്ങനെ ക്രിയാത്മകമായി ചെയ്യാമെന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ബജറ്റിലില്ല. പ്രവാസികൾക്ക് യാതൊരുവിധ സഹായവും നേരിട്ട് ലഭ്യമാക്കുന്നില്ല. ഏറ്റവും സാധാരണക്കാരനായ പ്രവാസിയുടെ തുടർജീവിതത്തിന്റെ വെല്ലുവിളികൾ പരാരിഹരിക്കാനുള്ള ഒരു നീക്കവും നടത്താത്ത ബജറ്റാണിതെന്ന് ജനറൽ സെക്രട്ടറി പി.കെ.അൻവർ നഹ പറഞ്ഞു.

പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ്

നാട്ടിലേക്ക് മടങ്ങേണ്ടി വന്ന പ്രവാസികളിൽ 75 ശതമാനം പേരും ഇതുവരെ ജീവിച്ച നിലവാരത്തിൽ തുടരാൻ സാഹചര്യമില്ലാത്തവരാണ്. പലർക്കും വലിയ കടങ്ങളുണ്ട്. അവർക്ക് കരുതലേകാൻ തുക വകയിരുത്തിയത് ശ്ലാഘനീയമാണെന്ന് ചെയർമാൻ കെ.വി.ഷംസുദ്ധീൻ പറഞ്ഞു.

ഐ.സി.എഫ്

പ്രവാസികളുടെ ക്ഷേമത്തിന് ഊന്നൽ നൽകി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതും ജോലി നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പ്രത്യേക വായ്പാ പദ്ധതി പ്രഖ്യാപിച്ചതും ആശ്വാസം നൽകുന്ന ബജറ്റ് നിർദേശങ്ങളാണെന്ന് ഐ.സി.എഫ് ഗൾഫ് കൗൺസിൽ വ്യക്തമാക്കി.

വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകും - അദീബ് അഹമ്മദ്

(എം.ഡി. - ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്, ട്വന്റി 14 ഹോൾഡിങ്‌സ്)

: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് സ്വാഗതം ചെയ്യുന്നു. സംസ്ഥാന സമ്പദ് വ്യവസ്ഥയിൽ നിർണായകമായ വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രഖ്യാപിച്ച നടപടികൾ പ്രശംസനീയമാണ്. വിനോദസഞ്ചാരമേഖലയ്ക്കുണ്ടായ തകർച്ചയെ മറികടക്കാനുതകുന്നതാണ് ബജറ്റ് പ്രഖ്യാപനം. ഈ മേഖലയ്ക്ക് ലഭ്യമാക്കിയ കുറഞ്ഞ പലിശനിരക്ക് വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ബിസിനസുകൾക്ക് ഊർജമേകും. നിലവിലുള്ളതും പുതിയതുമായ ഓഹരിയുടമകൾക്ക് മൂല്യവർധനവിനും സർക്കാർ ശ്രമങ്ങൾക്കൊപ്പം കൂടുതൽ കരുത്തോടെ പ്രവർത്തിക്കാനും ഇത് പ്രോത്സാഹനം നൽകും. സാധാരണ യാത്രാരീതികൾക്കുമപ്പുറം പരസ്പര ബന്ധിതമായ വിനോദകേന്ദ്രങ്ങളുടെ വികസനത്തിനും പുതുവഴികളിലൂടെ മികച്ച സാമ്പത്തിക ഉന്നമനത്തിനും ഇത് കാരണമാവും. സംസ്ഥാനത്തിന്റെ ചരിത്രവുമായി ഇഴചേർന്നുനിൽക്കുന്നതാണ് കലയും സംസ്കൃതിയും. ഈ ആശയത്തിലൂന്നി വിനോദമേഖലയിൽ നടത്തുന്ന ഏത് നിക്ഷേപവും അന്താരാഷ്ട്ര സന്ദർശകരെയും ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളെയും ഇവിടേക്ക് ദീർഘകാലാടിസ്ഥാനത്തിൽ ആകർഷിക്കാനും വഴിവെക്കും.