അബുദാബി: ദുബായ് കരാമയിലെ അനിമേറ്ററായി ജോലിചെയ്യുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശി ശ്രീകുമാർ വരയ്ക്കുന്ന ചിത്രങ്ങളെല്ലാം പേരറിയാത്ത ഒരുപാട് കലാകാരന്മാർക്കുള്ള സമർപ്പണമാണ്. അതിന് പ്രേരകമായത് അജന്ത, എല്ലോറ ഗുഹാശില്പങ്ങളും.

ലോകശില്പകലയിലെ അദ്‌ഭുതങ്ങളാണ് അജന്ത, എല്ലോറ ഗുഹകളുടെ ചുവരുകളിൽ കൊത്തിവെക്കപ്പെട്ടിട്ടുള്ളത്. സൃഷ്ടിയിലെ സൂക്ഷ്മതകൊണ്ട് സന്ദർശകർ മൂക്കത്തുവിരൽവെക്കുന്ന ഈ ശില്പങ്ങൾ ആ കാലഘട്ടത്തിലെ രാജാവിന്റെ പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ ആ ശിലാരൂപങ്ങളിൽ വിരിയുന്ന സൗന്ദര്യത്തിന് കാരണം സർഗശേഷികൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരുപാട് കലാകാരന്മാരുടെ ആത്മസമർപ്പണമാണ്. തങ്ങളുടെ സൃഷ്ടികളിൽ കൈയൊപ്പ് പതിപ്പിക്കാതെ കടന്നുപോയ ആ കലാകാരന്മാർക്ക് സമർപ്പിച്ചുകൊണ്ട് ഗുഹാശില്പങ്ങളുടെ ചിത്രം തന്റെ കൈപ്പുസ്തകത്തിൽ വരയ്ക്കുകയാണ് ശ്രീകുമാർ.

ഒരു ബംഗാളി ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളിലൂടെയാണ് ഈ ഗുഹാശില്പങ്ങളെ അദ്ദേഹം സൂക്ഷ്മനിരീക്ഷണം ചെയ്യുന്നത്. രാജാവിനുവേണ്ടി കല്പണിചെയ്ത ആ കലാകാരന്മാർക്കുവേണ്ടിയാണ് ജോലികഴിഞ്ഞുള്ള സമയം ശ്രീകുമാർ ചിത്രങ്ങൾ വരയ്ക്കുന്നത്. പെൻസിലിലും ചാർക്കോളിലുമാണ് ചിത്രങ്ങൾ വരയ്ക്കുന്നത്.

‘എല്ലോറ അജന്ത അനുയാത്ര’ എന്ന പേരിൽ 150 ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുസ്തകമാണ് ലക്ഷ്യം. അതിലെ ആദ്യതാളുകളെല്ലാം ഗുഹാശില്പങ്ങളുടെ ചിത്രങ്ങൾകൊണ്ട് നിറഞ്ഞുകഴിഞ്ഞു. 10 വർഷമായി യു.എ.ഇയിലുള്ള അദ്ദേഹം ഇതിനകം ‘അമ്മയും കുഞ്ഞും’ എന്ന ആശയത്തിൽ ഒട്ടേറെ ചിത്രങ്ങളും മറ്റനേകം ചിത്രങ്ങളും വരച്ചിട്ടുണ്ട്. ബാച്ചിലർ മുറിയിലെ ഒഴിവുസമയത്തെ ഏറ്റവും ക്രിയാത്മകമായി ചെലവഴിക്കുകയാണ് ഈ ചെറുപ്പക്കാരൻ, താൻ വരച്ചുതീർത്ത പുസ്തകവുമായി അജന്ത എല്ലോറ ഗുഹാശില്പങ്ങൾ കാണാനുള്ള ഒരു യാത്രാമോഹവുമായി.