ദുബായ് : ലോക പരിസ്ഥിതിദിനം അടയാളപ്പെടുത്താൻ സുപ്രധാന പദ്ധതികളുമായി യു.എ.ഇ. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ഏജൻസി. ‘ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം’ എന്ന ആശയത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. പരിസ്ഥിതിക്ക് യാതൊരുവിധ കോട്ടവും തട്ടാത്ത, പൂർണ സംരക്ഷണമേകുന്ന പദ്ധതികളാണ് കഴിഞ്ഞ നാളുകളിലായി യു.എ.ഇ. നടപ്പാക്കിവരുന്നതെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അബ്ദുല്ല ബെൽഹൈഫ് അൽ നുഐമി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിനും നയരൂപവത്‌കരണത്തിനും പ്രാധാന്യമേകിക്കൊണ്ടുള്ള മൂന്ന് പദ്ധതികളാണ് പരിസ്ഥിതിദിനമായ ജൂൺ അഞ്ച് ശനിയാഴ്ച പ്രഖ്യാപിക്കുക. വായുശുദ്ധീകരണം, കാർഷികവ്യവസായം, പരിസ്ഥിതി സംരക്ഷണത്തിനുള്ള ഏകീകൃതനീക്കം എന്നിവ ലക്ഷ്യമിട്ടുകൊണ്ടുള്ള ഐഡിയൻകോ ക്ലൈമത്തോണിന്റെ ഹാക്കത്തോണിന് മന്ത്രാലയം സഹകരണം നൽകും.

യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണ പദ്ധതികളും സുസ്ഥിര ജീവിതാശയങ്ങളും നടപ്പാക്കും. ഹരിത സമ്പദ് വ്യസ്ഥയിലേക്കുള്ള ചുവടുമാറ്റത്തിന് അന്താരാഷ്ട്ര സംവിധാനങ്ങളുമായി ചേർന്നുപ്രവർത്തിക്കും. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കും. ഈ മേഖലയിൽ യു.എ.ഇ. നടപ്പാക്കിവരുന്ന പദ്ധതികൾക്ക് കൂടുതൽ പങ്കാളിത്തമുറപ്പാക്കുകവഴി സുസ്ഥിരമായ ഭാവിയിലേക്കുള്ള സാധ്യതകൾ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.