ദുബായ് : യു.എ.ഇയിലെ അന്തരീക്ഷ താപനില 51 ഡിഗ്രി കടന്നതായി കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ടുചെയ്തു. അൽ ഐനിലെ സ്വൈഹനിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഏറ്റവുമുയർന്ന താപനില രേഖപ്പെടുത്തിയത്. അൽ ഐനിലെ ദംതയിൽ പുലർച്ചെ 5.45-ന് ഏറ്റവും കുറഞ്ഞ താപനിലയായ 22.3 ഡിഗ്രീ സെൽഷ്യസും രേഖപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു. 32 മുതൽ 48 ഡിഗ്രി സെൽഷ്യസാണ് ശരാശരി താപനില.

അന്തരീക്ഷ ഈർപ്പം 90 ശതമാനം വരെയാണ് ചിലഭാഗങ്ങളിൽ അനുഭവപ്പെട്ടത്. രാവിലെയും രാത്രിയും അന്തരീക്ഷ ഈർപ്പം ഉയരും. 40 മുതൽ 90 ശതമാനം വരെയാണ് അന്തരീക്ഷ ഈർപ്പത്തിന്റെ തോത്. മൂടിക്കെട്ടി ചൂടുകൂടിയ അന്തരീക്ഷമായിരിക്കും അബുദാബിയിലെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. പൊടിയും മൂടൽ മഞ്ഞുമുള്ളതിനാൽ ദൂരക്കാഴ്‌ച മറയും. ഈ സമയങ്ങളിൽ വാഹനവുമായി പുറത്തിറങ്ങുന്നവർ പ്രതേകം ശ്രദ്ധിക്കണമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.