കുവൈത്ത് സിറ്റി : കുവൈത്തിൽ ഉച്ചവിശ്രമമനുവദിക്കാതെ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചാൽ കർശന നടപടിയെന്ന് തൊഴിൽ മന്ത്രാലയം. ചില കമ്പനികൾ വിലക്ക് ലംഘിച്ച് ഉച്ചസമയത്ത് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 31 വരെയാണ് രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ പുറത്ത് ജോലിചെയ്യിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. നേരിട്ട് സൂര്യാതപം ഏൽക്കുന്നത്‌ ഒഴിവാക്കുന്നതിനും മറ്റ് അപകടങ്ങളും ഒഴിവാക്കുന്നതിനുമാണ് തൊഴിലാളികൾക്ക് ഉച്ചവിശ്രമം നിർബന്ധമാക്കുന്നത്.

കുവൈത്തിൽ താപനില 46 ഡിഗ്രി സെൽഷ്യസ് കടന്നതായും വരുംദിവസങ്ങളിൽ താപനില ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ താപനില 48 ഡിഗ്രിയായി ഉയർന്നേക്കും. പൊതുജനങ്ങൾ വേണ്ട ജാഗ്രത പുലർത്തണമെന്നും സൂര്യാതാപം നേരിട്ടേൽക്കാതിരിക്കാൻ എല്ലാവരും ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.