ദുബായ് : നാല് പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിന് ശേഷം കൊയിലാണ്ടി തിക്കോടി സ്വദേശി കെ.പി. മൂസ നാടണയുന്നു. 1982-ൽ ബോബൈ വഴി ഷാർജയിൽ വന്നിറങ്ങിയ അദ്ദേഹം 25 വർഷക്കാലം റെസ്റ്റോറന്റിലും സൂപ്പർമാർക്കറ്റിലും അറബി വീട്ടിലുമായി ജോലിചെയ്തു. ശേഷം ദുബായ് മുനിസിപ്പാലിറ്റിയിൽ ഓഫീസ് ബോയ് ആയി ലഭിച്ച ജോലിയിൽനിന്ന്‌ വിരമിച്ചാണ് നാട്ടിലേക്കുള്ള മടക്കം.

ഏത് ജോലിയും കൃത്യതയോടെ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞതിനാൽ പല അംഗീകാരങ്ങളും തേടി വന്നിട്ടുണ്ട്. ജോലി ചെയ്യുന്ന ഓഫീസ് പരിസരത്ത് മാവിൻ തൈ നട്ടുപിടിപ്പിച്ച് അതിന് വെള്ളവും വളവും മുടങ്ങാതെ നൽകി അതിൽ കായ്ച മാങ്ങകൾ കൺകുളിർക്കെ കണ്ടുകൊണ്ടാണ് ഇപ്പോൾ മടക്കം. സാമൂഹികസേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം കെ.എം.സി.സിയുടെ നിരവധി ഘടകങ്ങളിൽ പലവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൊയിലാണ്ടി മണ്ഡലം കമ്മറ്റി പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്, സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിൽ നേതൃപരമായ ചുമതലകൾ വഹിച്ച മൂസ വിവിധ പ്രാദേശിക കൂട്ടായ്മകളുടെയും സാരഥിയാണ്. ഭാര്യ: ഷഫീക്കത്ത്. മക്കൾ: ഷംന, തഹദീർ, ഷജീഹ. മരുമക്കൾ അഫ്സൽ ശ്യാം, റമീസ്.

കെ.പി.മൂസക്ക് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ദുബായ് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ ഏറാമല ഉപഹാരം സമ്മാനിച്ചു