അബുദാബി : യു.എ.ഇ. അറേബ്യൻ ഗൾഫ് ലീഗ് 2020-21-ലെ വിജയത്തിൽ അബുദാബി അൽ ജസീറ ക്ലബ്ബിന് അഭിനന്ദനമറിയിച്ച് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സീസണിൽ മികച്ച പ്രകടനം നടത്താൻ ക്ലബിന് കഴിഞ്ഞിരുന്നു.

അൽ ജസീറ സ്പോർട്സ് ആൻഡ്‌ കൾച്ചറൽ ക്ലബ്ബ് ചെയർമാനും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ക്ലബ്ബ് ബോർഡ് അംഗം ശൈഖ് മുഹമ്മദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, വ്യവസായ, നൂതന സാങ്കേതിക വകുപ്പ് മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ എന്നിവരുമായി ഖസ്ർ അൽ സാദിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ശൈഖ് മുഹമ്മദ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ക്ലബ്ബ് ഭാരവാഹികളുമായും ആരാധകരുമായും ശൈഖ് മുഹമ്മദ് സന്തോഷം പങ്കുവെച്ചു.