അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇയിൽ 72,879 ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ടുചെയ്തു. ഇതോടെ യു.എ.ഇയിൽ ഇതുവരെ നൽകിയ വാക്സിൻ ഡോസ് 13,227,344 എണ്ണമായി. കോവിഡ് വ്യാപനം തടയുന്നതിനായി മുഴുവനാളുകളും വാക്സിനെടുക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.

യു.എ.ഇയിൽ 2035 പേർ കോവിഡ് മുക്തരായി. 2062 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടുപേർ മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 1691 ആയി. ഇതുവരെ രോഗം ബാധിച്ച 5,79,009 പേരിൽ 5,58,584 പേർ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ 2,33,038 പേർക്ക് കോവിഡ് പരിശോധന നടത്തി. മുഴുവൻ ആളുകളും എല്ലാ കോവിഡ് വ്യവസ്ഥകളും പാലിക്കണമെന്ന് അത്യാഹിത, ദുരന്തനിവാരണ വകുപ്പ് അഭ്യർഥിച്ചു.

10745 പിഴകൾ ചുമത്തി

ദുബായ്: കോവിഡ് വ്യവസ്ഥകൾ ലംഘിച്ചതിന് ദുബായ് പോലീസ് 10745 പിഴകൾ ചുമത്തി. 2020 നവംബർ മുതൽ 2021 മേയ് വരെയുള്ള കണക്കുകളാണിത്.

സ്വകാര്യ പൊതു വാഹനങ്ങളിൽ മുഖാവരണം ധരിക്കാതെ യാത്രചെയ്യൽ, വാഹനങ്ങളിൽ അനുവദനീയമായതിലുമധികം ആളുകളെ കയറ്റൽ എന്നിവയെല്ലാം വ്യവസ്ഥാലംഘനങ്ങളിൽ ഉൾപ്പെടും.

24,900 ആളുകളും 96,885 വാഹനങ്ങളും ഇക്കാലയളവിൽ പരിശോധനയ്ക്ക് വിധേയമായതായി ബർദുബായ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖദീം അൽ സുറൂർ പറഞ്ഞു.