അബുദാബി : മരുഭൂമിയുടെ വന്യസൗന്ദര്യം സന്ദർശകർക്കുമുമ്പിൽ തുറന്നിടുന്ന അൽ ദഫ്‌റ ഫെസ്റ്റിന്റെ പുതിയ സീസൺ 14-ന് ആരംഭിക്കും. മദിനത് സായിദ് അൽ ദഫ്‌റ മേഖലയിൽ ഒട്ടകയോട്ടവും സൗന്ദര്യമത്സരവും പൈതൃക കാഴ്ചകളും ഈന്തപ്പഴരുചികളും ആസ്വദിക്കാനുള്ള അവസരമാണ് ഇത് തുറന്നിടുന്നത്.

പൈതൃകാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷപരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതൽ ഒട്ടകങ്ങളെ മത്സരത്തിനായി എത്തിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

നാടൻ കലാരൂപങ്ങളും സംഗീതവും സാഹിത്യവും തലമുറകൾ കൈമാറിവന്ന രുചികളുമെല്ലാം പങ്കുവെക്കുന്ന വേദിയാകും 21 വരെ നീണ്ടുനിക്കുന്ന അൽ ദഫ്‌റ ഫെസ്റ്റ്.