ദുബായ് : ബസും ട്രക്കും കൂട്ടിയിടിച്ച് ദുബായിൽ ഒരാൾ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് എമിറേറ്റ്‌സ് റോഡിലായിരുന്നു സംഭവം. ടയർ പൊട്ടിയതിനെത്തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബസ് വന്നിടിക്കുകയായിരുന്നു. മരിച്ചയാളെക്കുറിച്ചും പരിക്കേറ്റവരെക്കുറിച്ചും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

റാസൽഖോർ റോഡിലും വാഹനത്തിന്റെ ടയർ പൊട്ടി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. മിനി ബസിന്റെ ടയറാണ് പൊട്ടിയത്. ചൂടുകാലത്ത് ടയർ പൊട്ടിയുള്ള അപകടങ്ങൾ പതിവാണ്. വാഹനമോടിക്കുന്നവർ ടയർ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് ദുബായ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ കേണൽ ജുമാ സാലെം ബിൻ സുവൈദാൻ പറഞ്ഞു.