കോട്ടയ്ക്കൽ/ജിദ്ദ : മലപ്പുറം കോട്ടയ്ക്കൽ വലിയപറമ്പ് പാപ്പായിയിലെ പരേതനായ ഉണ്ണീൻകുട്ടി മുസ്‌ല്യാരുടെ മകൻ കുഞ്ഞലവി നമ്പിയാടത്ത് (45) ജിദ്ദയിൽ അക്രമിയുടെ കുത്തേറ്റു മരിച്ചു.

ജിദ്ദയിലെ അൽമംലക എന്ന സ്ഥാപനത്തിനുവേണ്ടി ആക്രിസാധനങ്ങൾ ശേഖരിച്ചുകൊണ്ടുപോകുന്ന ലോറിയിലാണ് കുഞ്ഞലവി ജോലിചെയ്തിരുന്നത്. ചൊവ്വാഴ്ച രാവിലെയാണ് റോഡരികിൽ വാഹനത്തിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്.

ആക്രി സാധനങ്ങൾവിറ്റ് പണവുമായി സ്ഥാപനത്തിലേക്ക് മടങ്ങുംവഴിയാണ് കൊലപാതകമെന്ന് ബന്ധുക്കൾ പറഞ്ഞു. 16 ലക്ഷം രൂപയ്ക്ക് സമാനമായ തുക കൈയിലുണ്ടായിരുന്നു. അക്രമി പരിചയമുള്ള ആളായിരുന്നുവെന്നും ലിഫ്റ്റ് ചോദിച്ച് വാഹനത്തിൽ കയറിയശേഷം പണംകവർന്ന് കുഞ്ഞലവിയെ കുത്തിരക്ഷപ്പെടുകയായിരുന്നുവെന്നുമാണ് വിവരം. സംഭവത്തിൽ പ്രതിയായ ഈജിപ്ഷ്യൻ പൗരൻ പിടിയിലായതായി സൂചനയുണ്ട്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ വിമാനത്താവളത്തിൽവെച്ച് പിടിയിലാവുകയായിരുന്നു. എന്നാൽ, പോലീസ് ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

ഭാര്യ: ഷാഹിദ. മാതാവ്: കുഞ്ഞിപ്പാത്തുട്ടി. മക്കൾ: നിശിൻ നിഹാൽ, നിബിൻ നിഹാൽ. സഹോദരങ്ങൾ: മുഹമ്മദലി, ജബ്ബാർ, റാഷിദ്, ഫൈസൽ, റഹ്‌മത്ത്.