ദുബായ് : പരിശുദ്ധ റംസാന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ കീഴിലുള്ള വിവിധ യൂണിറ്റുകൾ ‘അഹലൻ റംസാൻ’ എന്ന പേരിൽ ഓൺലൈൻ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ഏപ്രിൽ അഞ്ചിന് ദുബായ് ഖിസൈസ് യൂണിറ്റ് സംഘടിപ്പിക്കുന്ന പരിപാടിയിൽ അൽ മനാർ ഇസ്‌ലാമിക് സെന്റർ ഡയറക്ടർ അബ്ദുസ്സലാം മോങ്ങവും ഏപ്രിൽ ഒമ്പതിന് അൽഖൂസ് യുണിറ്റ് സംഘടിപ്പിക്കുന്ന പരിപാടിയിൽ മൗലവി അബ്ദുസലാം മോങ്ങം, അബ്ദുൾ ഖയും പുന്നശ്ശേരി സംസാരിക്കും.

10-ന് ഷാർജ യൂണിറ്റ് സംഘടിപ്പിക്കുന്ന പരിപാടിയിൽ ‘ഖുർആൻ അദ്ഭുതങ്ങളുടെ അദ്‌ഭുതം’ എന്ന വിഷയത്തിൽ നിച്ച് ഓഫ് ട്രൂത്തിന്റെ ഡയറക്ടർ എം.എം ആക്ബർ വിഷയമവതരിപ്പിച്ചു സംസാരിക്കും.

‘സാമ്പത്തികവിശുദ്ധി’ എന്ന വിഷയത്തിൽ ഒമ്പതാംതീയതി അബുദാബി യൂണിറ്റ് ഒരുക്കുന്ന പരിപാടിയിൽ പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ മൗലവി എൻ.വി. സക്കരിയ, അജ്മാൻ, ഫുജൈറ ദുബായ് ദേര, ബർ ദുബായ് യൂണിറ്റുകളുടെ പരിപാടിയിൽ ഹുസൈൻ കക്കാട്, അൻസാർ നന്മണ്ട, അജ്മൽ മദനി പുളിക്കൽ തുടങ്ങിയവർ സംസാരിക്കും. റംസാൻ കിറ്റ്, ഒറ്റനോമ്പ് ഇരട്ട പുണ്യം, ഈദ് കിസ്‌വ (പെരുന്നാൾ വസ്ത്രം), കണ്ണീരൊപ്പാൻ കൈകോർക്കുക തുടങ്ങിയ പദ്ധതികൾക്കും യു.എ.ഇ. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ രൂപംനൽകി. എ.പി. അബ്ദുസമദ് അധ്യക്ഷതവഹിച്ചു.