ദുബായ് : സിലിക്കൺ ഒയാസിസിലെ 'വാക്ക് ഇൻ' സ്മാർട് പോലീസ് സ്‌റ്റേഷനിൽ ആറുമാസത്തിനിടെ നടത്തിയത് 4656 ഇടപാടുകൾ. 2020 സെപ്റ്റംബർ അവസാനം തുറന്ന സ്മാർട്ട് പോലീസ് സ്റ്റേഷനിൽ വിവിധതരം സേവനങ്ങളാണ് വാഗ്ദാനംചെയ്യുന്നത്.

ഗതാഗത അപകടങ്ങൾ, കുറ്റകൃത്യങ്ങൾ തുടങ്ങി വിവിധ സംഭവങ്ങൾ പൊതുജനങ്ങൾക്ക് ഇവിടെ റിപ്പോർട്ട് ചെയ്യാനാവും.

നിശ്ചയദാർഢ്യമുള്ളവർക്കും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനകം എത്തിയത് 21303 സന്ദർശകരാണ്. മനുഷ്യരുടെ ഇടപെടലില്ലാതെ അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ എമിറേറ്റിലുടനീളം ഗുണപരമായ ഇടപെടലുകൾ നടത്തുന്നതായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം ജനറൽ ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് അൽ റസൂഖി പറഞ്ഞു. ഏഴുഭാഷകളിലായി 60-ലേറെ സേവനങ്ങൾ സിലിക്കൺ ഒയാസിസിലെ സ്മാർട്ട് പോലീസ് സ്‌റ്റേഷനിലൂടെ നൽകുന്നുണ്ട്.