അബുദാബി : സി.ബി.എസ്.ഇ. സിലബസ് പരിഷ്‌കരണം മലയാളപഠനം കഠിനമാക്കുമെന്ന് അധ്യാപകർ. എസ്.സി.ആർ.ടി.യുടെ കേരള പാഠാവലിയിലെയും അടിസ്ഥാന പാഠാവലിയിലെയും തിരഞ്ഞെടുത്ത പത്തു പാഠങ്ങളും ഒരു ഉപപാഠ പുസ്തകവുമായിരുന്നു കഴിഞ്ഞ വർഷംവരെ പഠിപ്പിച്ചിരുന്നത്.

എന്നാൽ പരിഷ്കരിച്ച സിലബസിൽ കേരള പാഠാവലിയിലെയും അടിസ്ഥാന പാഠാവലിയിലെയും മുഴുവൻ പാഠങ്ങളും ഒമ്പതിലെയും പത്തിലെയും കുട്ടികൾ പഠിക്കേണ്ടതായുണ്ട്. നിലവിൽ ഒമ്പതാം ക്ലാസിൽ തുളസി കോട്ടുക്കലിന്റെ ‘തേജസ്വിയായ വാഗ്മി’യും പത്താംക്ലാസിൽ രാജൻ തുവ്വാരയുടെ ‘ചട്ടമ്പിസ്വാമികൾ - ജീവിതവും സന്ദേശവും’ എന്നീ പുസ്തകങ്ങളുമാണ് ഉപപാഠപുസ്തകങ്ങളായി പഠിപ്പിച്ചുകൊണ്ടിരുന്നത്.

ഈ പുസ്തകങ്ങളുടെ സാഹിത്യഗുണങ്ങളെക്കുറിച്ച് അധ്യാപകർക്കിടയിൽ വ്യാപകമായ സംശയങ്ങളുണ്ടായിരുന്നു. ഇത്‌ പലരും സി.ബി.എസ്.സി.യെ രേഖാമൂലം അറിയിച്ചിരുന്നു. അതിനെതിരേയുള്ള ഒരു നടപടിയായിട്ടാണ് ഇതിനെ കരുതുന്നത്.

സ്റ്റേറ്റ് സിലബസിൽ കേരളപാഠാവലിയും അടിസ്ഥാന പാഠാവലിയും രണ്ടു വിഷയങ്ങളായാണ് പഠിപ്പിക്കുന്നത്. അത് രണ്ടുംചേർത്ത് ഒറ്റ വിഷയമായി പഠിപ്പിക്കാനാണ് സി.ബി.എസ്.സി. നിഷ്കർഷിക്കുന്നത്. സി.ബി.എസ്.സി. സ്കൂളുകളിൽ രണ്ടാംഭാഷയായി പഠിപ്പിക്കുന്ന മലയാളമടക്കമുള്ള ഭാഷകൾക്ക് എന്നും രണ്ടാം സ്ഥാനമേ ലഭിക്കാറുള്ളു. പല സ്കൂളുകളും മുന്നോനാലോ പിരീയഡ് മാത്രമാണ് രണ്ടാംഭാഷകൾക്ക് നൽകാറുള്ളത്. ഈ സമയക്രമത്തിൽ ഈ രണ്ടുപുസ്തകങ്ങളും പഠിപ്പിച്ചെടുക്കുക എന്നത് അധ്യാപകർക്ക് വലിയ വെല്ലുവിളിയാണെന്നതിന് പുറമെ മലയാളം രണ്ടാം ഭാഷയായി തിരഞ്ഞെടുത്ത വിദ്യാർഥികളെ മലയാളത്തിൽനിന്നും അകറ്റാൻകൂടി കാരണമായേക്കും. ഇതിനെതിരേ പ്രതികരിക്കാനുള്ള തയ്യാറെടുപ്പിലാണ് സി.ബി.എസ്.സി. സ്കൂളുകളിലെ മലയാളം അധ്യാപകർ.